Kerala News
സരിതയ്ക്ക് 1 ലക്ഷം രൂപ പിഴ; രാഹുലിന്റെ വിജയം റദ്ദാക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 02, 09:22 am
Monday, 2nd November 2020, 2:52 pm

ന്യൂദല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് നിന്ന് മത്സരിച്ച് വിജയിച്ച തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതിയായിരുന്ന സരിതാ നായര്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാതിരുന്നതോടെയാണ് കേസ് സുപ്രീം കോടതി തള്ളിയത്.

കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിതയ്ക്ക് ഒരുലക്ഷം രൂപ പിഴയും കോടതി ചുമത്തി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തില്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശപത്രിക വരണാധികാരി സ്വീകരിക്കുകയും വയനാട്ടില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്. വയനാട്ടില്‍ പത്രിക തള്ളിയത് വരാണാധികാരിയുടെ പിഴവാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിത ആവശ്യപ്പെട്ടത്.

ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും സരിതയ്‌ക്കെതിരായ കേസുകളില്‍ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ സമര്‍പ്പിച്ച സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയത്.

ഇതിന് പിന്നാലെ വയനാട്ടില്‍ നിന്നും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധിയുടെ ഫലം റദ്ദ് ചെയ്ത് ഒരു തെരഞ്ഞെടുപ്പ് കൂടി നടത്തണമെന്നാവശ്യപ്പെട്ട് സരിതാ നായര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

കേസില്‍ തുടര്‍ നടപടികള്‍ക്കായി പലവട്ടം വിളിച്ചെങ്കിലും സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായിരുന്നില്ല.

മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും ഈ കേസ് വിളിച്ചു. അപ്പോഴും ആരും കേസിനായി ഹാജരായിരുന്നല്ല. ഇതോടെയാണ് ഹരജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും കോടതി തീരുമാനിച്ചത്.

അമേഠിയിലും വയനാട്ടിലുമായിരുന്നു രാഹുല്‍ മത്സരിച്ചത്. വയനാട്ടില്‍ വിജയിച്ചെങ്കിലും അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിതയ്ക്ക് 569 വോട്ടുകള്‍ കിട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court rejected the plea given by Saritha Nair against Rahul Gandhi