ന്യൂദല്‍ഹി: കോഴിക്കോട് എം.കെ.രാഘവന്‍ എംപിയുടെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു. എം.കെ. രാഘവനും അദ്ദേഹത്തോടൊപ്പമുള്ള നേതാക്കളും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നും കാണിച്ച് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സി.പി.ഐ.എമ്മിലെ മുഹമ്മദ് റിയാസ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ ഹൈക്കോടതിയും മുഹമ്മദ് റിയാസിന്റെ ഹര്‍ജി തള്ളിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 838 വോട്ടിനാണ്് എം.കെ.രാഘവനോട് മുഹമ്മദ് റിയാസ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എം.കെ രാഘവന്റെ തന്നെ വ്യക്തിപരമായി അപമാനിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തിയെന്നും അത് തനിക്ക് ലഭിക്കേണ്ടിയിരുന്ന നിരവധി വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നുമാണ് മുഹമ്മദ് റിയാന്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയവര്‍ തനിക്കെതിരെ ആരോപണങ്ങളുമായി “ജാഗ്രത” എന്ന പേരില്‍ പ്രസിദ്ധീകരണം അടിച്ചിറക്കിയെന്നും താന്‍ ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന് ജനതാദള്‍ (എസ്) പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും ജനറല്‍ സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടിയും പ്രസംഗിച്ചുവെന്നും തെറ്റായ ഈ പ്രസംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഒരു പത്രം പ്രസിദ്ധീകരിച്ചുവെന്നും റിയാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതിക കാരണങ്ങളാണ് സുപ്രീംകോടതി ഹരജി തള്ളിയത്. ഹരജിക്കൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തിലെ പിഴക് ചൂണ്ടിക്കാട്ടിയാണ് നിരസിച്ചത്. അപ്പീലിലേക്ക് കടക്കാന്‍ കോടതി തയ്യാറായില്ല.