വാരാണസിയില്‍ മോദിക്കെതിരെയുള്ള തേജ് ബഹാദൂറിന്റെ സ്ഥാനാര്‍ത്ഥിത്വം; ഹരജി തള്ളി സുപ്രീം കോടതി
D' Election 2019
വാരാണസിയില്‍ മോദിക്കെതിരെയുള്ള തേജ് ബഹാദൂറിന്റെ സ്ഥാനാര്‍ത്ഥിത്വം; ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2019, 12:25 pm

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാനിരുന്ന മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്റെ ഹരജി സുപ്രീം കോടതി തള്ളി. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ഹരജിയില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്.രാജ്യത്തിനോട് കൂറ് കാണിക്കാത്തതിനും അഴിമതിക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബഹാദൂറിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത്.

അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നല്‍കിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

നേരത്തെ 50 കോടി ലഭിച്ചാല്‍ മോദിയെ കൊല്ലാമെന്ന് തേജ് ബഹാദൂര്‍ യാദവ് പറയുന്ന വീഡിയോ ദൃശ്യം വിവാദമായിരുന്നു എന്നാല്‍ വീഡിയോ വ്യാജമാണെന്ന് തേജ് ബഹാദുര്‍ പറഞ്ഞു.

വീഡിയോയിലുള്ള വ്യക്തി താനാണെന്ന് സമ്മതിച്ച ബഹാദൂര്‍ താന്‍ ഇങ്ങനെയൊരു കാര്യത്തെ പറ്റി ഒരിക്കലും പറഞ്ഞില്ലെന്നും അത് വ്യാജമാണെന്നും പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2017ല്‍ സൈന്യത്തിലെ ഭക്ഷണത്തെക്കുറിച്ച് പരസ്യമായി കുറ്റം പറഞ്ഞതിന് തന്നെ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയതിനെതിരെ ജന്തര്‍ മന്ദിറില്‍ വച്ച് നടത്തിയ ധര്‍ണയ്ക്കിടയില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നും ബഹാദൂര്‍ വ്യക്തമാക്കി.