| Tuesday, 28th August 2018, 12:05 pm

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ഉയര്‍ത്തിയ സുരേഷ് കൊച്ചാട്ടില്‍ സുരക്ഷ തേടി സുപ്രീം കോടതിയില്‍; ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായങ്ങള്‍ ചെയ്യരുതെന്ന് സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത സംഘപരിവാര്‍ അനുകൂലി സുരേഷ് കൊച്ചാട്ടില്‍ പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു.

എന്നാല്‍ സുരേഷിന് സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. തനിക്കും തെലങ്കാനയിലുള്ള തന്റെ കുടുംബത്തിനും സുരക്ഷനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് കൊച്ചാട്ടില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് സുരേഷ് ആഹ്വാനം ചെയ്തതിന് പിന്നാലെ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതോടെയാണ് തനിക്ക് നേരെയുള്ള ഭീഷണികള്‍ കണക്കിലെടുത്ത് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കൊച്ചാട്ടില്‍ സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.


സഹായിക്കുമെന്നാണോ പറഞ്ഞതെന്ന് മനസിലായില്ല പക്ഷേ മുഖം കണ്ടാലറിയാം, അദ്ദേഹം സഹായിക്കും; രാഹുലില്‍ പ്രതീക്ഷയര്‍പ്പിച്ച് പാണ്ടനാട്


കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആരും ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ നല്‍കരുതെന്നും കേരളത്തില്‍ എല്ലാവരും പണക്കാര്‍ ആണെന്നും പറഞ്ഞായിരുന്നു സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനായ സുരേഷ് കൊച്ചാട്ടില്‍ വാട്‌സ് ആപ്പില്‍ ഓഡിയോ ഇട്ടത്.

2014ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പ്രധാന പങ്കുണ്ടായിരുന്നയാളാണ് സുരേഷ് കൊച്ചാട്ടില്‍. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ കേരളത്തിലെ ചുമതലക്കാരന്‍ കൂടിയാണ് ഇയാള്‍.

“ചേഞ്ച് 2014” എന്ന പേരില്‍ ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രൂപം കൊടുത്ത എട്ടംഗ സംഘത്തിന്റെ തലവന്‍ സുരേഷ് ആയിരുന്നു. ആരെങ്കിലും പണം നല്‍കാന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ അത് സേവ ഭാരതിക്ക് നല്‍കൂ എന്നാണ് സുരേഷ് ആവശ്യപ്പെട്ടത്.

കേരളത്തില്‍ പ്രളയത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സമ്പന്നരോ അതിസമ്പരോ ആണ്. അവര്‍ക്ക് സാമ്പത്തിക സാഹായത്തിന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കാരണവശാലും സംഭാവന നല്‍കരുത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകളെ മാനിക്കരുത്. സംഭാവന നല്‍കേണ്ടത് ആര്‍.എസ്.എസിന്റെ സേവ ഭാരതിക്കാണെന്നും ഇയാള്‍ ശബ്ദസന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു.

സേവ ഭാരതിക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് മൊബൈല്‍ നമ്പറുള്‍പ്പെടെ സുരേഷ് നല്‍കിയിരുന്നു. മതേതരവാദികളോടും കമ്മ്യൂണിസ്റ്റുകാരോടും വെറുപ്പാണ് എന്ന് ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു.

തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശിയാണ് സുരേഷ് കൊച്ചാട്ടില്‍. ഓഡിയോയില്‍ ഇത് ഇയാള്‍ പറയുന്നുമുണ്ട്. ഇയാളുടെ കുടുംബം താമസിക്കുന്നത് ഹൈദരാബാദിലാണ്. കുറച്ച് കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നു. മറ്റ് പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. കുറച്ച് കാലം ബാങ്കോക്കിലായിരുന്ന ഇയാള്‍ ഇപ്പോള്‍ കേരളത്തിലാണ്.

ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും “സത്യ”ത്തിന് വേണ്ടി എന്തും നേരിടാന്‍ ഒരുക്കമാണെന്നും പറഞ്ഞ് ഇയാള്‍ ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു.

We use cookies to give you the best possible experience. Learn more