നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തെരുവുകളില്‍ കലാപമുണ്ടാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ന്യൂദല്‍ഹി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി.
നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തെരുവുകളില്‍ കലാപമുണ്ടാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പ്രശ്‌നം അതീവ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് ജനങ്ങള്‍ കോടതികളെ സമീപിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. പെട്ടെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പൊതുജനങ്ങള്‍ക്ക് ഉപദ്രവമായി തീര്‍ന്നുവെന്നാണ് ഹര്‍ജികള്‍ പറയുന്നത്.
നോട്ട് അസാധുവാക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി, പൊതുജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസ് അനില്‍ ആര്‍. ധവെ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നോട്ട് മറാനുള്ള പരിധി 2,000 ആക്കി കുറച്ചതിനെയും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ പരിധി 4,500 ആയി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ പരിധി 2,000 മായി കുറയ്ക്കുകയാണ് ചെയ്തത്. 2000 രൂപ പരിധി നിശ്ചയിച്ചത് എന്തിനെന്നു വ്യക്തമാക്കണം. ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ തവണ കോടതിയില്‍ ബോധിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
പണം ബാങ്കുകളിലേക്കും എ.ടി.എമ്മുകളിലേക്കും എത്തിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന കാര്യം കേന്ദ്രം കോടതിയില്‍ സമ്മതിച്ചു. നോട്ട് പിന്‍വലിച്ചത് വഴിയുള്ള പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിനായി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.