ന്യൂദൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പൊളിക്കലുകൾ സ്റ്റേ ചെയ്യുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവിറക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി.
സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചാൽ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി എടുക്കാൻ മുൻസിപ്പൽ കോർപറേഷനുകൾക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.
പൊളിക്കലിനെതിരെ ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സമർപ്പിച്ച ഹരജി ഓഗസ്റ്റ് 10 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
നിയമവാഴ്ച പാലിക്കണം, അതിൽ തർക്കമില്ല. അതേസമയം, ഏതെങ്കിലും അനധികൃത നിർമ്മാണങ്ങൾക്ക് എതിരെ നിയമപ്രകാരം നടപടി എടുക്കുന്നതിൽനിന്ന് മുൻസിപ്പാലിറ്റികളെ വിലക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ബി.ജെ.പി വക്താവ് നുപുർ ശർമ നടത്തിയ പ്രവാചകനിന്ദ പരാമർശത്തിന് പിന്നാലെ വലിയ രീതിയിൽ പ്രതിഷേധമുയർന്നിരുന്നു. ഇത്തരം പ്രതിഷേധക്കാരുടെ വീടുകൾ തെരഞ്ഞുപിടിച്ചായിരുന്നു അധികൃതർ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി തകർത്തത്. അനധികൃത നിർമാണങ്ങളാണ് പൊളിച്ചുനീക്കിയതെന്നായിരുന്നു സർക്കാരിന്റെ വാദം.