ന്യൂദല്‍ഹി: രജിസ്ട്രേഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായ ഡ്രസ് കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ തുല്യതയും സാഹോദര്യവും ഉറപ്പുവരുത്തുകയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹരജിയാണ് കോടതി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
ഹിജാബ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയിലാണ് പൊതു താത്പര്യ ഹരജി കോടതിയില്‍ സമര്‍പ്പിച്ചത്. നിഖില്‍ ഉപാധ്യായ് എന്ന വ്യക്തിയാണ് ഹരജി നല്‍കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുല്യത നടപ്പിലാക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മീഷനെയോ വിദഗ്ദ പാനലിനെയോ നിയമിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. മൂന്ന് മാസത്തിനകം ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്നും ഹരജിക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാം മുന്നോട്ടുവെക്കുന്ന ആചാരങ്ങളില്‍ പ്രധാനമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ വിധി.
കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിജാബ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു.
Content Highlight: Supreme court refuses to hear plea seeking same uniform for all staffs and students in educational institutions