| Friday, 19th January 2024, 3:17 pm

'ഉടൻ ജയിലിലേക്ക് മടങ്ങുക'; ബിൽക്കീസ് ബാനു കേസ് പ്രതികൾക്ക് സാവകാശം നൽകാതെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി : കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ആവശ്യം നിരാകരിച്ച് സുപ്രീം കോടതി. കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് 11 കുറ്റവാളികളിൽ 10 പേരും കോടതിയെ സമീപിച്ചത്. കുടുംബപരമായ ഉത്തരവാദിത്തങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളവ് ആവശ്യപ്പെട്ടത്. കുടുംബ ഉത്തരവാദിത്തങ്ങൾ, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ശീതകാല വിളകളുടെ വിളവെടുപ്പ്, ആരോഗ്യസ്ഥിതി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഒരു കൂട്ടം ഹരജികളാണ് പ്രതികൾ സമർപ്പിച്ചത്.

അപേക്ഷയിൽ ഉദ്ധരിച്ച കാരണങ്ങൾ ഉത്തരവ് തടയുന്നതിന് പര്യാപ്‌തമല്ല എന്ന് ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ഒമ്പത് പ്രതികൾ അവരുടെ ഹരജിയിൽ ആറാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരാൾ നാലാഴ്ചത്തെ അധിക സമയമാണ് ആവശ്യപ്പെട്ടത്.

2002 ലെ വർഗീയ കലാപത്തിൽ ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെയും മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു മഹാരാഷ്ട്രയിൽ വിധി പ്രഖ്യാപിച്ച കേസിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് കോടതി അന്ന് കണ്ടെത്തി.

2022 മേയിലെ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകാതെ ഗുജറാത്ത് സർക്കാർ മഹാരാഷ്ട്ര സർക്കാരിന്റെ അധികാരം കവർന്നെടുത്തു. ഗുജറാത്ത് സർക്കാർ അധികാര ദുർവിനിയോഗം നടത്തിയതിനാൽ നിയമവാഴ്ച ലംഘിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ, ഇപ്പോൾ ഇളവ് നൽകിയാൽ ഉത്തരവ് തന്നെ റദ്ദാക്കപ്പെടാൻ സാധ്യതുണ്ട്. ഗുജറാത്ത് സർക്കാർ തങ്ങൾക്ക് അർഹതയില്ലാത്ത അധികാരം കവർന്നെടുത്തതിന്റെ പേരിൽ ഞങ്ങൾ ഇളവ് ഉത്തരവുകൾ റദ്ദാക്കുന്നു, കോടതി പറഞ്ഞു.

Content Highlight: Supreme Court refuses to extend deadline for surrender of 11 Bilkis Bano gangrape convicts

We use cookies to give you the best possible experience. Learn more