അയോധ്യാ വിധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തെ പരാമര്‍ശിച്ച് സുപ്രീം കോടതി
Ayodhya Verdict
അയോധ്യാ വിധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തെ പരാമര്‍ശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 4:11 pm

ന്യൂദല്‍ഹി: അയോധ്യാ ഭൂമി തര്‍ക്കകേസിലെ വിധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്.

ക്ഷേത്രകാര്യങ്ങളില്‍ കോടതിക്ക് ഇടപെടാമോ എന്നും ക്ഷേത്രത്തെ നിയമവിധേയമായ ഒരു വ്യക്തിയായി കരുതാനാകുമോ എന്നുമുള്ള ചോദ്യത്തിനാണ് ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട 1993 ലെ കേസ് ഭരണഘടനാ ബെഞ്ച് പരാമര്‍ശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനെതിരെ പൊതുപ്രവര്‍ത്തകന്‍ സി. കെ രാജന്‍ നല്‍കിയ കേസിലെ സുപ്രീം കോടതി വിധിയാണ് ഭരണഘടനാ ബെഞ്ച് ഉദ്ധരിച്ചത്.

ക്ഷേത്രത്തിന് സ്വന്തം ഭരണഘടനയും നടപടിക്രമവും ഉണ്ടെങ്കിലും ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ഇടപെടാം എന്നായിരുന്നു 1993ല്‍ നല്‍കിയ കേസില്‍ സുപ്രീം കോടതി വിധിച്ചത്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആര്‍ട്ടിക്കിള്‍ 25,26 നല്‍കുന്ന മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്ന് തോന്നിയാല്‍ പൊതുതാത്പര്യ ഹരജി വഴി ഭക്തര്‍ക്ക് ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാമെന്ന് അന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

അയോധ്യാ വിധിയിലെ 204, 205 പേജുകളിലാണ് ഗുരുവായൂരിനെക്കുറിച്ചു പറയുന്നത്. നിയമവിധേനായ ഒരു വ്യക്തിക്കെതിരെ കേസുകള്‍ നടത്തുന്നതുപോലെ ക്ഷേത്രങ്ങള്‍ക്കെതിരെയും കേസുകള്‍ നടത്താം എന്ന് വിധിയില്‍ ജസ്റ്റിസ് എസ്. ബി സിന്‍ഹ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ക്ഷേത്രത്തെ നിയമവിധേയമായ വ്യക്തിയായി കണക്കാക്കാം എന്ന് ജസ്റ്റിസ് സിന്‍ഹ വിധിച്ചിട്ടില്ലെന്നാണ് അയോധ്യ വിധിയില്‍ ഭരണഘടനാ ബഞ്ചിന്റെ കണ്ടത്തല്‍. വ്യക്തികള്‍ക്കുള്ള എല്ലാ നിയമവും ക്ഷേത്രത്തിന് ബാധകമാകണം എന്ന് നിര്‍ബന്ധമില്ലെന്ന വാദവും വിധിയില്‍ എടുത്തെഴുതിയിട്ടുണ്ട്.