| Tuesday, 4th July 2023, 12:41 pm

പശു സംരക്ഷകര്‍ക്ക് പൊലീസിന്റെ അധികാരം നല്‍കരുത്; ഹരജി ഹൈക്കോടതിക്ക് കൈമാറാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2015ല്‍ ഹരിയാന സര്‍ക്കാര്‍ പാസാക്കിയ പശു സംരക്ഷണ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഹരജിക്കാരോട് പഞ്ചാബ്-ഹരിയാന, രാജസ്ഥാന്‍ ഹൈക്കോടതികളെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. 2015 മുതല്‍ പശു സംരക്ഷകരുടെ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും 2015ലെ ഹരിയാന ഗോവംശ് സംരക്ഷണ്‍ ആന്‍ഡ് ഗോസംവര്‍ധന്‍ ആക്ടിന്റെ 16, 17 വകുപ്പുകള്‍ റദ്ദാക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

കശാപ്പിനായി കൊണ്ടുപോകുന്ന പശുക്കളെ തിരയാനും പിടിച്ചെടുക്കാനും പൊലീസിനും സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏതൊരു വ്യക്തിക്കും അനുമതി നല്‍കുന്നതാണ് ഈ നിയമം. ഇതുവഴി മാംസ കച്ചവടക്കാരായ നിരവധി സാധുക്കള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നതായി ഹരിയാനയിലെ മേവത് സ്വദേശികളായ ഏഴോളം ഗ്രാമീണര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും എം.ആര്‍. ഷംഷാദുമാണ് സുപ്രീം കോടതിയില്‍ ഹാജരായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പശു സംരക്ഷകരാല്‍ ദിവസവും കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

‘ഹരിയാനയിലെയും രാജസ്ഥാനിലെയും മേവാത്ത് മേഖലയില്‍ 2015 മുതല്‍ പശു സംരക്ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്. ഇത് തുടരാനാവില്ല. പശു സംരക്ഷകര്‍ എന്ന് വിളിക്കപ്പെടുന്ന സാധാരണ പൗരന്മാര്‍ക്ക് നിങ്ങള്‍ എങ്ങനെയാണ് പൊലീസിന്റെ അധികാരം കൈമാറുന്നത്,’ ഹരജിക്കാര്‍ വാദിച്ചു.

1995ലെ രാജസ്ഥാന്‍ ബോവിന്‍ ആനിമല്‍ നിയമത്തിലെ സെക്ഷന്‍ 12(എ) പശുക്കളെ കശാപ്പ് ചെയ്യുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും രാജസ്ഥാനില്‍ നിന്ന് ആളുകളെ പിടികൂടി ഹരിയാനയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

1995 മുതല്‍ രാജസ്ഥാനിലുള്ള ബോവിന്‍ ആനിമല്‍ നിയമത്തിനൊപ്പം 2015ലെ നിയമം കൂടി പാസാക്കിയത് മേവാത്ത് മേഖലയെ മുഴുവന്‍ ദുര്‍ബലമാക്കിയെന്നാണ് ഹരജിക്കാര്‍ ഉന്നയിക്കുന്ന വിഷയം. ഇതര സംസ്ഥാന പ്രവര്‍ത്തകര്‍ക്ക് ക്രമസമാധാനം കൈയിലെടുക്കാനും പ്രദേശത്തെ മുസ്‌ലിങ്ങളെ ആക്രമിക്കാനും നിയമപരമായ അനുമതി ലഭിച്ചെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഈ വിഷയത്തില്‍ നീതി തേടാന്‍ ഹരജിക്കാര്‍ക്ക് കഴിയുമെന്നും ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ജെബി പര്‍ദിവാല എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹൈക്കോടതികള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ സ്വതന്ത്രമായി നടപടിയെടുക്കാനാകുമെന്നും സുപ്രീം കോടതി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: supreme court redirects petitioners against Haryana’s cow protection law to approach HC

We use cookies to give you the best possible experience. Learn more