| Wednesday, 10th January 2024, 5:05 pm

നിയമനത്തില്‍ രാഷ്ട്രീയം വേണ്ട; മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ നിയമനത്തിനായി മൂന്ന് പേരുകള്‍ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഹൈക്കോടതി ജഡ്ജിയുടെ നിയമനത്തിലേക്ക് ഒരു ജുഡീഷ്യല്‍ ഓഫീസറുടെയും രണ്ട് അഭിഭാഷകരുടെയും പേരുകളാണ് സി.ജെ.ഐ ഡി.വൈ. ചന്ദ്രചൂഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അഭിഭാഷകരായ ദീപക് ഖോട്ട്, പവന്‍ കുമാര്‍ ദ്വിവേദി, ജുഡീഷ്യല്‍ ഓഫീസര്‍ രാംകുമാര്‍ ചൗബെ തുടങ്ങിയ പേരുകൾ സുപ്രീം കോടതി കൊളീജിയം മധ്യപ്രദേശ് സര്‍ക്കാരിന് കൈമാറി. കൊളീജിയത്തിന്റെ ശുപാര്‍ശ മധ്യപ്രദേശ് മുഖ്യമന്ത്രിയായ മോഹന്‍ യാദവും ഗവര്‍ണറായ മംഗുഭായ് ഛഗന്‍ഭായും അംഗീകരിച്ചതായി സുപ്രീം കോടതി അറിയിച്ചു.

ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗ്യതകള്‍ നിര്‍ണയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ വിവേചനപരമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൃത്യമായിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മൂന്ന് വ്യക്തികളെയും സംബന്ധിക്കുന്ന കൃത്യമായ വിവരങ്ങളും മെറ്റീരിയലുകളും നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ ഓഫീസറായ ചൗബേയെ ഹൈക്കോടതിയിലേക്ക്  സ്ഥാനകയ്യറ്റം നൽകാൻ കഴിയുന്ന സമര്‍ത്ഥനും യോഗ്യനുമായ ഉദ്യോഗസ്ഥനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ അദ്ദേഹത്തിന്റെ സര്‍വീസ് റെക്കോര്‍ഡ് വിലയിരുത്തിയതില്‍ വളരെ മികച്ച ഓഫീസറാണ് രാംകുമാര്‍ ചൗബെ എന്നും സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി.

2023 ഒക്ടോബറില്‍ കൊളീജിയം നിര്‍ദേശിച്ച രണ്ട് അഭിഭാഷകരുടെ നിയമനം തീര്‍പ്പാക്കാത്തതില്‍ സുപ്രീം കോടതി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും കൊളീജിയം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ജുഡീഷ്യല്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവവും വിവേചനപരമായ രാഷ്ട്രീയവും കാണിക്കരുതെന്ന് ഡി.വൈ. ചന്ദ്രചൂഡ് ഇതിനുമുമ്പേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Supreme Court recommends names for appointment of Madhya Pradesh High Court Judges

We use cookies to give you the best possible experience. Learn more