തിങ്കളാഴ്ചയായിരുന്നു കോടതി പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിനെ ശാസിച്ചത്.
ജോലി എന്തുതന്നെയായാലും എല്ലാ പൗരന്മാര്‍ക്കും അവരുടെ പ്രാഥമിക അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഉത്തരവിട്ടത്.
കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ അതിജീവനം എന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ ഈ വിഷയത്തെ നിസാരമായാണ് കാണുന്നതെന്നും കോടതി നിരീക്ഷിച്ചു.
”എത്ര തവണ ഞങ്ങള്‍ നിങ്ങളോട് പറയണം. ഇനി നിങ്ങള്‍ക്ക് മേല്‍ നടപടികളുണ്ടാവും. കഴിഞ്ഞ ദിവസം പാസാക്കിയ ഉത്തരവ് നിങ്ങള്‍ കണ്ടിരുന്നോ?
എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ കഴിയാത്തത്? മറ്റ് എല്ലാ സംസ്ഥാനങ്ങളും ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ബംഗാളിനും ആയിക്കൂടാ?
ഞങ്ങള്‍ കടുത്ത നടപടികളൊന്നും എടുക്കുന്നില്ല എന്ന് കരുതി നിങ്ങള്‍ക്ക് ഞങ്ങളെ നിസാരമായി കാണാം എന്നല്ല അതിനര്‍ത്ഥം. ഈ വിഷയം ഗൗരവമായി കാണണം എന്ന് നിങ്ങളോട് പറയാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ.
റേഷന്‍ നല്‍കപ്പെടുന്നില്ല എന്നത് കൊണ്ടാണ് ഈ കേസ് ഞങ്ങള്‍ പരിഗണിക്കുന്നത്. നിലനില്‍പാണ് ഇവിടെ പ്രശ്‌നം. അതുകൊണ്ട് ഇതങ്ങനെ നിസാരമായി കാണാനാവില്ല,” കോടതി നിരീക്ഷിച്ചു.
ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കൗണ്‍സല്‍ ഖാദ്യ സതി സ്‌കീം എന്ന പേരില്‍ ആവശ്യക്കാര്‍ക്ക് റേഷന്‍ നല്‍കുന്നതിന് വേണ്ടി പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് ബെഞ്ചിനെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇതില്‍ അസംതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ചയായി പദ്ധതിക്ക് വേണ്ടി സ്വീകരിച്ച നടപടികള്‍ കൃത്യമായി വിവരിച്ച് കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ലൈംഗിക തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നല്‍കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാരിനോടും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിനായി, ഇവരുടെ പട്ടിക തയാറാക്കുന്നതിന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (എന്‍.എ.സി.ഒ), സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികള്‍ എന്നിവയുടെ സഹായം സര്‍ക്കാരിന് ഉപയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
2020 സെപ്റ്റംബര്‍ 29നായിരുന്നു ലൈംഗിക തൊഴിലാളികള്‍ക്ക് ഡ്രൈ റേഷന്‍ നല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചത്. തിരിച്ചറിയല്‍ രേഖകള്‍ കാണണമെന്ന് ഇക്കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും കോടതി പറഞ്ഞിരുന്നു.