ന്യൂദല്‍ഹി: വിരമിച്ച പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ എന്തായിരുന്നു തിടുക്കമെന്ന് സുപ്രീംകോടതി. നാല് പേരില്‍ നിന്ന് അരുണ്‍ ഗോയല്‍ എന്ന ഒരാളിലേക്ക് എങ്ങനെ എത്തിയെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.
മിന്നല്‍ വേഗത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചതെന്ന് പറഞ്ഞ കോടതി, നിയമനത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അതേസമയം നിയമന വിഷയത്തില്‍ ഒന്നും ഒളിക്കാനില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കടരമണി കോടതിയില്‍ പറഞ്ഞത്.
രണ്ട് ദിവസം മുമ്പായിരുന്നു അരുണ്‍ ഗോയല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.
ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മേയ് 18നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് ഒഴിവുവന്നത്. അത് നികത്തുന്നതിന് പിന്നീട് ആറ് മാസത്തിലേറെ സമയമെടുത്തിരുന്നു.
എന്നാല്‍ പ്രസ്തുത ഹരജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പായി മാത്രമാണ് കമ്മീഷണറെ നിയമിച്ചത്. 24 മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇത് സംബന്ധിച്ച ഫയലുകള്‍ നീക്കിയത്.
ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാന്‍ എന്തായിരുന്നു തിടുക്കമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചത്. കമ്മീഷണര്‍മാരെ നിയമിക്കുന്നതില്‍ എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നത് എന്നും നേരത്തെ ഹരജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
ഇതില്‍ കേന്ദ്രത്തിന്റെ മറുപടി എ.ജി. കോടതിയുടെ ഭരണഘടനാ ബെഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിശോധിച്ചതിന് ശേഷവും കോടതി സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയാണ്.
”ഒരു ഐ.എ.എസ് കേഡറില്‍ നിന്ന് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ പ്രായം, സര്‍വീസ് അടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നതെന്നും ഇതാണ് ഇലക്ഷന്‍ കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം” എന്നുമായിരുന്നു എ.ജി പറഞ്ഞത്.
‘എന്നാല്‍ ഒരേ സിവില്‍ സര്‍വീസ് ബാച്ചിലെ ഒരുപാട് പേരുടെ സര്‍വീസ് കാലയളവ് സമാനമായിരിക്കെ അതില്‍ നിന്ന് എങ്ങനെയാണ് നാല് പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തത്’, എന്ന് ഇതേത്തുടര്‍ന്ന് കോടതി ചോദിച്ചു.
നിയമനത്തിന്റെ യുക്തി ഇപ്പോഴും മനസിലാകുന്നില്ലെന്നും ജസ്റ്റിസ് ഹൃഷികേഷ് റോയ് പറഞ്ഞു.
എ.ജിയുടെ ഭാഗത്ത് നിന്നുള്ള വാദങ്ങള്‍ കോടതിയില്‍ അവസാനിച്ചിട്ടുണ്ട്. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര്‍ നാരായണാണ് വാദിക്കുന്നത്.
അതേസമയം, നാല് ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ നിന്നായിരുന്നു അരുണ്‍ ഗോയലിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തത്.
ഗോയലിനെ കമീഷണറാക്കിയ നിയമന ഫയല്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചിരുന്നു.