| Tuesday, 28th October 2014, 7:20 pm

മൂന്ന് കള്ളപ്പണക്കാരുടെ പേര് മാത്രം വെളിപ്പെടുത്തുന്നത് മറ്റുള്ളവരെ രക്ഷിക്കാനോ? : സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

  ന്യൂദല്‍ഹി: വിദേശത്തെ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും ബുധനാഴ്ച വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. കുറച്ചുപേരുകള്‍ മാത്രം വെളിപ്പെടുത്തി മറ്റുള്ള കള്ളപ്പണക്കാരെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

മുഴുവന്‍ കള്ളപ്പണക്കാരുടെയും അക്കൗണ്ട് വിവരങ്ങള്‍ സീല്‍ വച്ച കവറിലാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ കോടതിക്ക് നല്‍കുകയാണ് വേണ്ടതെന്നും കള്ളപ്പണം തിരികെ കൊണ്ടു വരാനുള്ള ചുമതല കേന്ദ്ര സര്‍ക്കാരിന് മാത്രമായി നല്‍കാനാവില്ലെന്നും കോടതി അറിയിച്ചു.

കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ കൈമാറിയാല്‍ മാത്രം മതിയെന്നും അന്വേഷണം സംബന്ധിച്ച തീരുമാനം കോടതി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള എട്ട് വ്യവസായികളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

ഡാബര്‍ ഇന്ത്യ പ്രമോട്ടര്‍ പ്രദീപ് ബര്‍മന്‍, രാജ്‌കോട്ടിലെ സ്വര്‍ണവ്യാപാരി പങ്കജ് ചിമന്‍ലാല്‍ ലോധ്യ, ഗോവയിലെ ഖനി കമ്പനിയായ ടിംബ്ലോയുടെ ഉടമ രാധ സതീഷ് ടിംബ്ലോ, ഡയറക്ടര്‍മാരായ ചേതന്‍ എസ്. ടിംബ്ലോ, റോഹന്‍ എസ്.ടിംബ്ലോ, അന്ന എസ്. ടിംബ്ലോ, മല്ലിക എസ്. ടിംബ്ലോ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയത്.

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി നല്‍കിയ ഹരജിയിലാണ് വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരെകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. അതേസമയം വിദേശത്ത് നിക്ഷേപമുള്ള എല്ലാ കള്ളപ്പണക്കാരുടെയും വിവരങ്ങള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

കള്ളപ്പണക്കാരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കള്ളപ്പണക്കാരുടെ പേരുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more