| Thursday, 21st March 2024, 3:34 pm

തമിഴ്‌നാട് ഗവര്‍ണര്‍ക്കും തിരിച്ചടി; മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ. പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നിലപാടിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദ്യമുയര്‍ത്തി.

ഗവര്‍ണര്‍ സംസ്ഥാനത്ത് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. പരാതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ ഈ നിലപാട് ഗവര്‍ണറെ അറിയിക്കണമെന്ന് എ.ജിക്ക് കോടതി നിര്‍ദേശം നല്‍കി. കെ. പൊന്മുടിയുമായി ബന്ധപ്പെട്ട് നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മറികടന്ന് ഒരു തീരുമാനമെടുക്കാന്‍ ആര്‍.എന്‍. രവിക്ക് എങ്ങനെ കഴിയുന്നുവെന്നും കോടതി ചോദിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. പൊന്മുടി നിയമനടപടി നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ ശിക്ഷാ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതിനുപിന്നാലെയാണ് ഡി.എം.കെ സര്‍ക്കാര്‍ പൊന്മുടിയെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിക്കുന്നതും വകുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതും.

എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തി. വീണ്ടും മന്ത്രിയാവാന്‍ പൊന്മുടി യോഗ്യനല്ലെന്ന് ആര്‍.എന്‍. രവി പറഞ്ഞു. ഈ നിലപാടിനെ ചോദ്യം ചെയ്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശം പൊന്മുടിക്ക് നല്‍കണമെന്ന് ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്.

Content Highlight: Supreme Court questioned Governor RN Ravi’s decision K. Ponmudi cannot be made a minister

Latest Stories

We use cookies to give you the best possible experience. Learn more