| Friday, 28th April 2023, 12:21 pm

എ. രാജയെ അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എ. രാജയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി താത്കാലികമായി സ്‌റ്റേ ചെയ്തു.  രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ഹരജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാന്‍ രാജയ്ക്ക് അര്‍ഹതയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുധാംശു ധൂലി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ദേവികുളത്ത് നിന്നായിരുന്നു എ. രാജ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത ഹൈക്കോടതി നടപടിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസ് ഇനി ജൂലൈ മാസമാണ് പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി രാജയുടെ വിജയം റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചിരുന്നത്. സംവരണ സീറ്റായ ദേവികുളത്തായിരുന്നു രാജ മത്സരിച്ചത്.

എന്നാല്‍ രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. രാജക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് വലിയ വിജയം നല്‍കിയ മണ്ഡലമായിരുന്നു ദേവികുളം. 7848 വോട്ടുകള്‍ക്കാണ് രാജ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

Content Highlights: Supreme Court quashed A. Raja’s disqualification

We use cookies to give you the best possible experience. Learn more