ന്യൂദല്‍ഹി: ആക്ടിവിസ്റ്റുകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ മഹാരാഷ്ട്ര പൊലീസിന് സുപ്രീം കോടതിയുടെ താക്കീത്. പൊലീസ് കോടതിയില്‍ അപവാദപ്രചരണം നടത്തുകയാണെന്ന് പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം.
“നിങ്ങള്‍ നിങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥരോട് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കാന്‍ പറയണം. വിഷയം കോടതിക്കു മുമ്പിലുണ്ട്. സുപ്രീംകോടതി തെറ്റാണെന്ന് പൊലീസ് ഓഫീസര്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ താല്‍പര്യമില്ല.” മഹാരാഷ്ട്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി പറഞ്ഞു.
ആക്ടിവിസ്റ്റുകളായ വരവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വ്, അരുണ്‍ ഫെറൈറ, സുധ ഭരദ്വാജ്, ഗൗതം നവലേഖ എന്നിവരെ വീട്ടുതടങ്കലില്‍ സൂക്ഷിക്കുന്നത് അന്വേഷണത്തിന് തടസമാകുമെന്നായിരുന്നു പൊലീസിന്റെ വാദം.
അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, അഭിപ്രായ വ്യത്യാസങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയുമായി അറസ്റ്റിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഇവര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യം ചെയ്തവരാണെന്നും മഹാരാഷ്ട്ര പൊലീസ് കോടതിയില്‍ പറഞ്ഞു.
അതിനിടെ, അഞ്ച് ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി സെപ്റ്റംബര്‍ 12 വരെ നീട്ടി. കേസ് സെപ്റ്റംബര്‍ 12ന് കോടതി വീണ്ടും പരിഗണിക്കും.
ഭീമ കൊറേഗാവ് അക്രമങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റു ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റോമിലാ ഥാപ്പറും മറ്റ് നാലുപേരും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ മഹാരാഷ്ട്ര പൊലീസ് മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു.