| Monday, 31st May 2021, 2:07 pm

45 വയസ്സിന് താഴെയുള്ളവര്‍ക്ക് എന്തുകൊണ്ട് വാക്‌സിന്‍ നല്‍കുന്നില്ല; കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം പൂര്‍ണപരാജയമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളെ തമ്മില്‍ മത്സരിപ്പിക്കുന്നതാണോ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയമെന്നും കോടതി ചോദിച്ചു.

കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച ദേശീയ നയം സമര്‍പ്പിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

18 വയസ്സു കഴിഞ്ഞവര്‍ക്ക് എന്തുകൊണ്ടാണ് വാക്‌സിന്‍ നല്‍കാത്തതെന്നും എന്തിനാണ് പ്രായത്തിന്റെ കണക്ക് വെച്ച് വാക്‌സിന്‍ നല്‍കുന്നതെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍, വാക്‌സിന്‍, അവശ്യമരുന്നുകള്‍ എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു.

‘സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്. ഇതാണോ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം? സംസ്ഥാനങ്ങള്‍ തമ്മില്‍ ഒരു മത്സരത്തിനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?,’ കോടതി ചോദിച്ചു.

വാക്‌സിന്‍ വില സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു.

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന് നല്‍കുമ്പോള്‍ അതിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല,ഇതിന്റെ യുക്തിയെന്താണ്?

45 വയസ്സിന് മുകളിലുള്ളവരിലാണ് മരണ നിരക്ക് കൂടുതല്‍ എന്നാണ് നിങ്ങള്‍ പറയുന്നത്. പക്ഷെ രണ്ടാം തരംഗം വ്യാപിക്കുന്നതോടെ 45 വയസ്സിന് താഴെയുള്ളവരെയും ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്ന് മനസിലാക്കണമെന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

Content Highlight: Supreme Court pulls up Centre on Covid vaccines, asks if policy is to make states compete

We use cookies to give you the best possible experience. Learn more