ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ജനജീവിതം സ്തംഭിച്ചതും അനധികൃതമായി പൗരന്മാരെ തടവില്‍വെച്ചതും സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. തന്റെ ഭര്‍ത്താവിനെ തടവില്‍ വെച്ചതിനെതിരെ ആസിഫ മുബീന്‍ എന്ന സ്ത്രീ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി നേരത്തേ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്തുകൊണ്ടാണ് ഇതുവരെ മറുപടി നല്‍കാത്തതെന്ന് കോടതി ചോദിച്ചപ്പോള്‍, അഞ്ച് മിനിറ്റിനുള്ളില്‍ നല്‍കാമെന്നായിരുന്നു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചത്.
വിഷയത്തില്‍ മധ്യസ്ഥരുടെ ഇടപെടലുകളാണ് മറുപടി വൈകിക്കുന്നതെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. താന്‍ മധ്യസ്ഥരാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരിലെ തടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി പുറത്തിറക്കിയ ഉത്തരവുകള്‍ അനുസരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഞങ്ങളെ നിസ്സാരരായി കാണരുതെന്ന് കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു.
കശ്മീരില്‍ നടത്തിയിരിക്കുന്ന ഓരോ തടവും കേന്ദ്രം ന്യായീകരിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുസേഫ അഹ്മദി പറഞ്ഞു. തടവിലിടാനുള്ള ഉത്തരവുകളൊന്നും തങ്ങളെ കാണിച്ചില്ലെങ്കിലും കോടതിയെ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരിലെ മൊബൈല്‍ സേവനദാതാക്കള്‍ക്കെതിരെ ലഭിച്ചിരിക്കുന്ന പരാതികളില്‍ നടപടിയെടുക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചു.
രണ്ടുമാസം ഈ സേവനം ഇല്ലാതിരുന്നിട്ടുകൂടി ഉപഭോക്താക്കളോട് ബില്ലടയ്ക്കാനാണ് അവര്‍ ആവശ്യപ്പെടുന്നതെന്ന് ചില ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.