| Saturday, 10th August 2024, 8:14 am

പൊതു പദ്ധതികൾക്കായി മരങ്ങൾ മുറിക്കുന്നത് പരമാവധി കുറക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പൊതു പദ്ധതികൾക്കായി മരങ്ങൾ മുറിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് സുപ്രീം കോടതി. പൊതു പദ്ധതികൾക്കായി മരങ്ങൾ മുറിക്കാൻ അനുമതി തേടുന്ന അധികാരികൾ പദ്ധതി പുനർപരിശോധിച്ച് മുറിക്കേണ്ട മരങ്ങളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (മൗലീക കർത്തവ്യങ്ങൾ) പ്രകാരമുള്ള വീക്ഷണവും ആരോഗ്യകരമായ സാഹചര്യത്തിൽ ജീവിക്കാനുള്ള പൗരന്മാരുടെ അവകാശവും കണക്കിലെടുത്താണ് കോടതി ഈ നിർദേശം പുറപ്പെടുവിച്ചത്.

ദൽഹി എൻ.സി.ആറിന്റെ പാരിസ്ഥിതിക പ്രശ്നം കൈകാര്യം ചെയ്യുന്ന എം.സി മേത്ത കേസിലെ അപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അഭയ് എസ്.ഓക്ക, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശം മുന്നോട്ട് വെച്ചത്. ആഗ്ര- ജലസർ-ഇറ്റാ റോഡ് പദ്ധതിക്കായി താജ് ട്രീസിയം സോണിലെ 3874 മരങ്ങൾ മുറിക്കുന്നതിന് ഉത്തർപ്രദേശ് അനുമതി തേടിയിരുന്നു. അതെ സമയം 2818 മരങ്ങൾ മുറിക്കേണ്ട ആവശ്യകതയുള്ളൂ എന്ന കേന്ദ്ര എംപവെർഡ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

മരങ്ങൾ മുറിക്കുന്നതിന് മുമ്പ് ഉത്തർപ്രദേശ് സർക്കാർ എംപവെർഡ് കമ്മിറ്റി നിർദേശിച്ച പ്രകാരം 38 ,740 മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി.

‘കേന്ദ്ര എംപവെർഡ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച പ്രകാരം ഞങ്ങൾ മനസിലാക്കിയത് 2818 മരങ്ങൾ മുറിക്കേണ്ട ആവശ്യകതെയെ ഉള്ളൂ എന്നാണ്. അനുമതി നൽകുന്നതിന് മുമ്പ് കമ്മിറ്റി നിർദേശിച്ച പ്രകാരം 38 ,740 മരങ്ങൾ ഉടൻ തന്നെ നട്ടുപിടിപ്പിക്കാൻ തുടങ്ങണം. ആദ്യം മരങ്ങൾ നട്ടുപിടിപ്പിക്കട്ടെ അതിന് ശേഷം മാത്രമേ മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകുകയുള്ളൂ,’ കോടതി പറഞ്ഞു.

പദ്ധതിയുടെ കാലതാമസം ഒഴിവാക്കാൻ മരങ്ങൾ നടുന്നതും റോഡ് പദ്ധതിയുടെ പുരോഗതിയും ഒരേസമയം തുടങ്ങണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ജൂലൈയിൽ ദൽഹിയിൽ സത്ബാരിയിൽ റോഡ് വീതി കൂട്ടാനെന്ന പേരിൽ നിയമവിരുദ്ധമായി 1,100 മരങ്ങൾ വെട്ടിമാറ്റിയിരുന്നു. കേസിൽ ദൽഹി വികസന അതോറിറ്റി കോടതിയലക്ഷ്യ നടപടി നേരിട്ടിരുന്നു.
ആദ്യ അലൈന്മെന്റിൽ 50 മരങ്ങൾ മാത്രമായിരുന്നു മുറിക്കാനായിരുന്നു പദ്ധതി. എന്നാൽ ഡി.ഡി.എ അലൈൻമെന്റ് പുതുക്കി നിർമിക്കുകയും 1100 മരങ്ങൾ മുറിച്ച് മാറ്റുകയുമായിരുന്നു.

Content Highlight: Supreme Court: Public Authorities to Minimize tree cutting for public projects

We use cookies to give you the best possible experience. Learn more