മറ്റ് സംസ്ഥാനങ്ങള്‍ എന്താണ് ചെയ്യുന്നത്?; കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് വീണ്ടും സുപ്രീംകോടതി
COVID-19
മറ്റ് സംസ്ഥാനങ്ങള്‍ എന്താണ് ചെയ്യുന്നത്?; കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച് വീണ്ടും സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 6:33 pm

ന്യൂദല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന് കേരളത്തിന് വീണ്ടും സുപ്രീംകോടതിയുടെ അഭിനന്ദനം. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പ്രശംസിച്ചത്. നേരത്തെ, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സ്വമേധയാ എടുത്ത കേസില്‍ കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസും അയച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് രണ്ടാം തവണയാണ് കൊവിഡ് 19 പ്രതിരോധത്തിന് കേരളത്തിന് സുപ്രീംകോടതിയുടെ പ്രശംസ ലഭിക്കുന്നത്. കേരളത്തിലെ ജയിലുകളില്‍ നടത്തിയ ക്രമീകരണങ്ങളെ നേരത്തെ കോടതി പ്രശംസിച്ചിരുന്നു.

രാജ്യത്തെ ജയിലുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി ഇതിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കയച്ച നോട്ടീസിലാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചത്.

വൈറസ് പടരുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേരളം ജയിലുകളില്‍ വേണ്ട പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നതായി നോട്ടീസില്‍ പറയുന്നു. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും രോഗലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചതായും നോട്ടീസില്‍ പറയുന്നു.

WATCH THIS VIDEO: