പൂനെ: പൂനെ ലോക്‌സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണം എന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ഏറെ കാലമായി തെരഞ്ഞെടുപ്പ് നടത്താതെ സീറ്റ് ഒഴിച്ചിട്ടതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീം കോടതി വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29 നാണ് ബി.ജെ.പി എം.പി ഗിരിഷ് ബാപ്പഡ് മരിച്ചത്. അന്ന് മുതല്‍ പൂനെ ലോക്‌സഭാ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ഈ സീറ്റിലേക്ക് തെരഞ്ഞടുപ്പ് നടത്താതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ എന്ത് ചെയ്കയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ. ബി.പര്‍ധിവാല, മനോജ് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു.
പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുകള്‍ നികത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ബന്ധിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 151-ാം വകുപ്പിന്റെ വ്യാപ്തി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൂടാതെ തെരഞ്ഞെടുപ്പ് നടത്താനും ഏതെങ്കിലും സീറ്റ് ഒഴിവുണ്ടെങ്കില്‍ അത് നികത്താനുള്ള കടമയും ബാധ്യതയും തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. മാത്രമല്ല, ഒരു മണ്ഡലത്തെ ഇത്തരത്തില്‍ ഒഴിച്ചിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. വോട്ടര്‍മാരുടെ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നിലവിലുള്ള ലോക്‌സഭയുടെ കലാവധി ജൂണ്‍ 16 ന് പൂര്‍ത്തിയാകവെ ഉപതെരഞ്ഞെടുപ്പ നടത്തുന്നത് ഉചിതമല്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. രണ്ട് കാരണങ്ങളാല്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഒന്ന്, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവയുടെ തിരക്ക്. രണ്ട്, പൂനെ ഉപതെരഞ്ഞെടുപ്പ് നടന്നാലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് വളരെ ചെറിയ കാലാവധി മാത്രമേ ലഭിക്കൂയെന്നുള്ളത്.