ന്യൂദല്‍ഹി: പോക്സോ കേസുകളില്‍ തുടര്‍ച്ചയായി വിവാദ വിധികള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി അയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജനുവരി 20-നായിരുന്നു കേന്ദ്ര സര്‍ക്കാരിന് ഇവര്‍ ശുപാര്‍ശ നല്‍കിയത്.
ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നടക്കമുള്ള വിവാദ ഉത്തരവുകളാണ് ഇവര്‍ ഇറക്കിയത്.
പോക്സോ കേസുകളില്‍ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജനുവരി 19-ന് ഇവര്‍ പുറപ്പെടുവിച്ച വിധി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ അര്‍ദ്ധനഗ്നയാക്കി മാറിടത്തില്‍ സ്പര്‍ശിച്ച കേസിലായിരുന്നു കോടതിയുടെ ഉത്തരവ്. പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ വിധി പറഞ്ഞത്.
2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്. 2007-ല്‍ ജില്ലാ ജഡ്ജിയായാണ് അവര്‍ ജൂഡീഷ്യല്‍ ജീവിതം ആരംഭിച്ചത്. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാല നിലവില്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Supreme Court Panel Acts After Judge’s Controversial Sex Assault Orders