ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന് മേചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറെക്കാലമായി ഈ കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. നേരത്തെ പേരറിവാളനെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ വെണ്‍പാല പുരോഹിത ഇതുസംബന്ധിച്ച തീരുമാനമെടുക്കാതെ ഇക്കാര്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഗവര്‍ണര്‍ മാറി വന്നിട്ടും പേരറിവാളന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദവും കോടതി തള്ളിയിരുന്നു.
142ാമത്തെ അനുച്ഛേദപ്രകാരം സമ്പൂര്‍ണ നീതി നടപ്പിലാക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്. ഇതുപ്രകാരം ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
1991 ജൂണ്‍ 11 ന് അറസ്റ്റിലാകുമ്പോള്‍ പേരറിവാളന് 19 വയസ്സായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനായ എല്‍.ടി.ടി.ഇക്കാരനായ ശിവരാസനുവേണ്ടി രണ്ട് 9 വോള്‍ട്ട് ‘ഗോള്‍ഡന്‍ പവര്‍’ ബാറ്ററി സെല്ലുകള്‍ വാങ്ങിയെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ആ വര്‍ഷം മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ബോംബില്‍ ബാറ്ററികള്‍ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ 30 കൊല്ലമായി പേരറിവാളന്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മോചനത്തിനുള്ള അപേക്ഷകള്‍ വന്നത്. വധശിക്ഷയായിരുന്നു പേരറിവാളന് ആദ്യം കോടതി നല്‍കിയിരുന്നത്. 25 പ്രതികള്‍ക്കാണ് ആദ്യം ശിക്ഷ വിധിച്ചത്. സുപ്രീം കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഏഴ് പേരായി ചുരുങ്ങി. ഇവരില്‍ പേരറിവാളനും ഉണ്ടായിരുന്നു.
2014 ല്‍ പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി മാറ്റുകയായിരുന്നു. അതിനു ശേഷമാണ് ഇത്രയം കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള അമ്മയുടെ ഹരജി സുപ്രീം കോടതിയില്‍ വന്നത്.