നോയിഡ: റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ സൂപ്പര്‍ടെക് നിര്‍മ്മിച്ച 40 നിലകളുള്ള ഇരട്ട സമുച്ചയങ്ങള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കാനാണ് കോടതി വിധി.
നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും സൂപ്പര്‍ടെക്കും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായാണ് നിര്‍മ്മാണം എന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.
40 നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നഗരാസൂത്രണ അധികൃതരും കെട്ടിട നിര്‍മ്മാതക്കളും തമ്മിലുള്ള ഒത്തുകളിയിലൂടെ നഗര മേഖലയില്‍ അനധികൃത കെട്ടിട നിര്‍മ്മാണം വര്‍ധിച്ചെന്നും ഇത്തരം നിര്‍മ്മാണം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടണമെന്നും കോടതി പറഞ്ഞു.
800 ഫ്‌ളാറ്റുകളോടുകൂടിയ 40 നിലകളുള്ള രണ്ട് സമുച്ചയം നിര്‍മ്മിക്കാന്‍ നോയിഡ അതോറിറ്റി അനുമതി നല്‍കിയത് ചട്ടലംഘനമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
നോയിഡയിലെ ഇരട്ട ടവറുകളിലെ എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 12% പലിശ സഹിതം മുടക്കിയ പണം തിരിച്ചു നല്‍കണമെന്നും ഇരട്ട സമുച്ചയങ്ങളുടെ നിര്‍മ്മാണം മൂലമുണ്ടായ നഷ്ടത്തിന് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന് 2 കോടി രൂപ നല്‍കണമെന്നും കോടതി പറഞ്ഞു.