| Wednesday, 30th June 2021, 6:36 pm

കൊവിഡുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങള്‍ മൂലം മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കാം; പുതിയ നിര്‍ദേശവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. കൊവിഡ് ബാധിച്ച ശേഷം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് സുപ്രീം കോടതി ഉത്തരവ്.

കൊവിഡ് മരണങ്ങള്‍ മരണസര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തരുത്. കൊവിഡ് ബാധിച്ച് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരിച്ചാലും മരണസര്‍ട്ടിഫിക്കറ്റുകളില്‍ അത് കൃത്യമായി രേഖപ്പെടുത്തണമെന്നാണ് കോടതി നിര്‍ദേശം. ഇതോടെ പോസ്റ്റ് കൊവിഡ് മരണങ്ങളും കൊവിഡ് മരണമായി ആയിരിക്കും ഇനിമുതല്‍ കണക്കാക്കുക.

‘കൊവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കാരണം ഒരാള്‍ മരിച്ചാലും മരണ സര്‍ട്ടിഫിക്കറ്റിലെ മരണ കാരണം കൊവിഡ് എന്ന് തന്നെ രേഖപ്പടുത്തണം,’ കോടതി വ്യക്തമാക്കി.

ഒരു വ്യക്തി കൊവിഡ് മൂലമാണ് മരിച്ചതെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കൃത്യമായ മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക എന്നത് അതത് അതോറിറ്റികളുടെ ചുമതലയാണെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇത് എളുപ്പമാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഭരണ കേന്ദ്രങ്ങളില്‍ നിന്ന് കൃത്യമായ മരണ സര്‍ട്ടിഫിക്കറ്റുകളല്ല ലഭിക്കുന്നതെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍. ഷാ എന്നിവരാണ് ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme Court orders Death Due To COVID Or COVID-Related Complications Should Be Specifically Mentioned In Death Certificate

We use cookies to give you the best possible experience. Learn more