| Friday, 20th April 2018, 1:08 pm

ദാവൂദിന്റെ മുംബൈയിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ കണ്ടുകെട്ടണമെന്ന് സുപ്രീം കോടതി; കുടുംബം നല്‍കിയ ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുംബൈയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് തടയണമെന്നവശ്യപ്പെട്ടു അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍ കെ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ദക്ഷിണ മുംബൈയിലെ പാക്‌മോഡിയാ തെരുവിലെ ആഡംബര ഹോട്ടല്‍, ഗുജറാത്തിലെ കൃഷിയിടം, വിവിധയിടങ്ങളില്‍ പണികഴിപ്പിച്ച ഒറ്റമുറി വീടുകള്‍, കാര്‍ അടക്കം ഏഴു വസ്തുക്കളാണ് കണ്ടുകെട്ടി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.


Dont Miss നിഗൂഢതകളുടെ വിജയ്ഘര്‍ കോട്ടയിലേക്ക്….


സ്വത്ത് കണ്ടുകെട്ടിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ദാവൂദിന്റെ കുടുംബം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കര്‍, മാതാവ് അമിന ബി കസ്‌കര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് കോടതി ഉത്തരവ്.

ദാവൂദിന്റെ സ്വത്തുക്കള്‍ പ്രധാനമായുള്ളതു മുംബൈയിലെ നാഗ്പദയിലാണ്. സഹോദരിയുടെയും മാതാവിന്റെയും കൈവശമാണിത്. രണ്ടുപേരും മരിച്ചു.

1988ല്‍ ഈ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. സ്വത്ത് ഏറ്റെടുക്കുന്നതിന് എതിരെ മാതാവും സഹോദരിയും കോടതിയെ സമീപിച്ചു. ട്രൈബ്യൂണലും ഡല്‍ഹി ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്ന് ഇരുവരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തല്‍സ്ഥിതി തുടരാന്‍ 2012 നവംബറില്‍ കോടതി ഉത്തരവിട്ടു.

വസ്തുവകകള്‍ പിടിച്ചെടുക്കാതിരിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ അമിനയോടും ഹസീനയോടും സര്‍ക്കാര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.

താമസയോഗ്യമായ ഏഴു വസ്തുവകകളാണുള്ളത് അമിനയുടെ പേരില്‍ രണ്ടും ഹസീനയുടെ പേരില്‍ അഞ്ചും. കോടികള്‍ വിലമതിക്കുന്ന ഇവ ദാവൂദിന്റെ അനധികൃത സമ്പാദ്യംകൊണ്ടു സ്വന്തമാക്കിയതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദ് വര്‍ഷങ്ങളായി പാക്കിസ്ഥാനിലെ അജ്ഞാതകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണ്.
കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാക്കിസ്ഥാന്‍ തീരസേനയുടെ കാവലിലാണു രഹസ്യസങ്കേതമെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more