ദല്‍ഹിയിലെ മണിപ്പൂര്‍ യുവതിയുടെ മരണം; ഹൈക്കോടതി വിധി തള്ളി, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
national news
ദല്‍ഹിയിലെ മണിപ്പൂര്‍ യുവതിയുടെ മരണം; ഹൈക്കോടതി വിധി തള്ളി, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 10:23 pm

ന്യൂദല്‍ഹി: 2013ല്‍ ദല്‍ഹിയിലെ മണിപ്പൂരി യുവതിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ദല്‍ഹി പൊലീസില്‍ നിന്ന് അന്വേഷണം സി.ബി.ഐക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

കേസ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാനുള്ള ഭരണഘടനാ കോടതികളുടെ അധികാരം മിതമായും അസാധാരണമായ സാഹചര്യങ്ങളിലും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു.

എന്നാല്‍ ഭരണഘടനാപരമായി നീതി നടപ്പാക്കുന്നതിനായി അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതില്‍ നിയന്ത്രണമില്ലെന്നും അതില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ലെന്നും കോടതി വ്യക്തമാക്കി.

പരിഹരിക്കപ്പെടാത്ത കുറ്റകൃത്യങ്ങള്‍ നിയമ സ്ഥാപനങ്ങളിലുള്ള പൊതുവിശ്വാസത്തെ ഇല്ലാതാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജെ.കെ. മഹേശ്വരിയും സുധാന്‍ഷു ധൂലിയയും ഉള്‍പ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

25 കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കേസ്. യുവതി താമസിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥനാണ് കുറ്റം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ സംഭവം നടന്ന സ്ഥലത്ത് നിന്ന് വളരെ അകലെയാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. 25 വയസുള്ള ഈ യുവതി ആത്മഹത്യ ചെയ്യാന്‍ പ്രത്യക്ഷത്തില്‍ ഒരു കാരണവുമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 പ്രകാരം അജ്ഞാതരായ പ്രതികള്‍ക്കെതിരെ മാളവ്യ നഗര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയ ശേഷം കേസില്‍ ഐ.പി.സി സെക്ഷന്‍ 302 (കൊലപാതകം) ഉം ഉള്‍പ്പെടുത്തി.

Content Highlight: Supreme Court orders CBI probe into Manipuri woman’s death in Delhi