| Thursday, 15th February 2024, 11:24 am

തിരിച്ചടിയേറ്റ് കേന്ദ്ര സര്‍ക്കാര്‍; ഇലക്ട്രല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഫയല്‍ ചെയ്ത ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിധി.

പാര്‍ട്ടികള്‍ക്ക് കിട്ടുന്ന പണത്തെ കുറിച്ച് അറിയാന്‍ വോട്ടര്‍മാര്‍ എന്ന നിലയില്‍ രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ കഴിയില്ലെന്നും ഉറവിടമില്ലാത്ത ബോണ്ടുകൾ വിവരവകാശത്തിന് എതിരാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എല്ലാ സംഭാനകളെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നും കൂടുതല്‍ സംഭാവന നല്‍കുന്ന ആളുകള്‍ക്ക് പാര്‍ട്ടികളെയും മറ്റും സ്വാധീനിക്കാന്‍ കഴിയുമെന്നും കോടതി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇലക്ട്രല്‍ ബോണ്ട് എന്ന സംവിധാനം നിയമത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

കമ്പനികള്‍ക്ക് അവരുടെ അറ്റാദായത്തിന്റെ പരമാവധി 7.5 ശതമാനം മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയൂ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി ചോദ്യം ചെയ്തു.

‘കമ്പനികളുടെ സംഭാവനകള്‍ പൂര്‍ണമായും ബിസിനസ് ഇടപാടുകളാണ്. കമ്പനികളേയും വ്യക്തികളേയും ഒരുപോലെ പരിഗണിക്കുന്നത് സെക്ഷന്‍ 182 കമ്പനി നിയമത്തിലെ ഭേദഗതി പ്രകാരം ഭരണഘടനാ വിരുദ്ധമാണ്,’ കോടതി വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി സ്വീകരിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സെപ്റ്റംബര്‍ 30ന് ഉള്ളില്‍ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് നിര്‍ദേശിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും (എസ്.ബി.ഐ) കോടതി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പണമിടപാട് നടത്തുന്ന ഇലക്ട്രല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിരീക്ഷണം ഏതാനും അഭിപ്രായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെ മറ്റ് എല്ലാ ജഡ്ജിമാരും അംഗീകരിക്കുകയായിരുന്നു.

Content Highlight: Supreme Court orders cancellation of electoral bonds

We use cookies to give you the best possible experience. Learn more