| Friday, 18th October 2019, 1:00 pm

അസം പൗരത്വപട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥന് അടിയന്തര സ്ഥലംമാറ്റം; കാരണമില്ലാതെ ഉത്തരവുണ്ടാകാറില്ലെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂല്‍ദഹി: അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥലംമാറ്റി സുപ്രീം കോടതി. കോര്‍ഡിനേറ്റര്‍ സ്ഥാനം വഹിച്ചിരുന്ന പ്രതീക് ഹജേല എന്ന ഉദ്യോഗസ്ഥനെയാണ് മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം. ഹജേലയെ ഡെപ്യൂട്ടേഷനില്‍ അയക്കാനാണ് തീരുമാനം. ഹജേലയെ എത്രയും പെട്ടന്ന് സ്ഥലംമാറ്റിയുള്ള ഉത്തരവ് തയ്യാറാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്ഥലം മാറ്റാനുള്ള കാരണമെന്താണെന്നുള്ള സര്‍ക്കാര്‍ അഭിഭാഷകന്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ ചോദ്യത്തിന് ഒരു കാരണവുമില്ലാതെ ഉത്തരവുകളൊന്നുമുണ്ടാകില്ല എന്നായിരുന്നു ഗൊഗോയിയുടെ മറുപടി.

എന്നാല്‍ ഉത്തരവില്‍ കാരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടുമില്ല.

അസം പൗരത്വപട്ടിക പുതുക്കി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വമുണ്ടായിരുന്ന ഹജേല 1995 ബാച്ച് അസം-മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനാണ്. ഇത്തരം ജോലികള്‍ ചെയ്യാനുള്ള സാങ്കേതിക വൈദഗ്ധ്യമുള്ളയാളായിട്ടാണ് ഹജേല അറിയപ്പെട്ടിരുന്നത്.

എന്നാല്‍, പൗരത്വ പട്ടിക തയ്യാറാക്കിയതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഇദ്ദേഹം നേതൃത്വം നല്‍കിയ സംഘത്തിനുനേരെ ഉയര്‍ന്നിരുന്നത്. യഥാര്‍ത്ഥ ഇന്ത്യക്കാരെയും പുറത്താക്കി എന്നാരോപിച്ച് മുസ്ലീം സംഘടനകള്‍ സെപ്തംബറില്‍ ഹജേലക്കെതിരെ കേസ് നല്‍കിയിരുന്നു. ഹജേലയടക്കമുള്ളവര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന പരാതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more