ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ ആരംഭിച്ച രണ്ടാം കര്‍ഷക സമരത്തെതുടര്‍ന്ന് അടച്ച ശംഭു അതിര്‍ത്തി ഒരാഴ്ച്ചക്കകം ഭാഗികമായെങ്കിലും തുറക്കണമെന്ന് സുപ്രീം കോടതി.
വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലെ ഡി.ജി.പി മാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കര്‍ഷകനേതാക്കളുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക സമിതി രൂപികരിക്കാനും കോടതി നിര്‍ദേശിച്ചു.
ശംഭു അതിര്‍ത്തി തുറക്കാനുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹരിയാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സൂര്യ കാന്ത് , ജസ്റ്റിസ് ഉജ്ജല്‍ ഭൂയന്‍ എന്നിവരടങ്ങിയ ബെഞ്ച് കോടതിയുടെ അടുത്ത സിറ്റിങില്‍ സമിതിയുടെ ഘടനയും ചുമതലയും സംബന്ധിച്ച വിവരങ്ങളില്‍ വിശദമായ ഉത്തരവ് ഇറക്കുമെന്നും അറിയിച്ചു.
പഞ്ചാബിലേയും ഹരിയാനയിലേയും ഡി.ജി.പിമാര്‍ ചേരുന്ന യോഗത്തില്‍ പട്യാലയിലേയും അംബാലയിലേയും സീനിയര്‍ സൂപ്രണ്ടുമാരും ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഈ യോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയാണെങ്കില്‍ കോടതിയുടെ ഉത്തരവിനായി കാത്തിരിക്കേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ ആംബുലന്‍സുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ മറ്റ് അത്യാവശ്യ സേവനക്കാര്‍ തുടങ്ങിയവരുടെ സഞ്ചാരത്തിനായാണ് അതിര്‍ത്തി ഭാഗികമായെങ്കിലും തുറക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
വാദം കേള്‍ക്കുന്നതിനിടെ ആവശ്യ സര്‍വീസുകള്‍ക്കും ദൈനംദിന യാത്രകള്‍ക്കുമായി ശംഭുവിലെ ബാരിക്കേഡുകള്‍ നീക്കാന്‍ കോടതി നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് പഞ്ചാബ് അഡ്വേക്കറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ട് പഞ്ചാബ് സര്‍ക്കാരിന് ഈ കാര്യം കര്‍ഷകരുമായി ചര്‍ച്ച ചെയ്തുകൂടാ എന്ന് ചോദിച്ച കോടതി, ദേശീയ പാതകള്‍ പാര്‍ക്കിങ് ഏരിയകളെല്ലെന്നും വിമര്‍ശിച്ചു.
2024 ഫെബ്രുവരി 13 നാണ് രണ്ടാം കര്‍ഷക സമരം ആരംഭിക്കുന്നത്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, മിനിമം താങ്ങുവില ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പഞ്ചാബില്‍ നിന്ന് സമരം ആരംഭിച്ച് ദല്‍ഹിയില്‍ എത്താനാണ് പദ്ധതിയിട്ടത്. എന്നാല്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ എത്തിയപ്പോള്‍ ഇവരെ പൊലീസ് തടയുകയായിരുന്നു.
Content Highlight: Supreme Court ordered to re-open Shambhu Border partially in one week