ന്യൂദല്‍ഹി: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് കര്‍ണാടക ജലം നല്‍കണമെന്ന് സുപ്രീം കോടതി. കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. []
താല്‍ക്കാലിക ആവശ്യത്തിനായി 2.44 ടിഎംസി അടി വെള്ളം വിട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടത്.
ഇത് കര്‍ണാടകയിലെ കുടിവെള്ള ആവശ്യത്തെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 30 ടിഎംസി അടി വെള്ളം നല്‍കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.
നേരത്തെ സുപ്രീംകോടതിയുടെ നിര്‍ദ്ദശത്ത തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തര്‍ക്കം വീണ്ടും കോടതിയിലെത്തിയത്.
തമിഴ്‌നാട് സന്ദര്‍ശിച്ച സംഘം മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വരള്‍ച്ചമൂലം കഷ്ടതയനുഭവിക്കുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കേസിലെ വിധി.
അതേസമയം, ട്രൈബ്യൂണല്‍ ഉത്തരവ് ഈ മാസം 20 നകം വിജ്ഞാപനം ചെയ്യുമെന്നുകേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കാവേരി ട്രൈബ്യൂണല്‍ ഉത്തരവ് അഞ്ചുവര്‍ഷമായിട്ടും വിജ്ഞാപനം ചെയ്യാത്ത കേന്ദ്രസര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വെള്ളം വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ സര്‍വകക്ഷി സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഇപ്പോള്‍ 37 ടി.എം.സി. അടി ജലം മാത്രമേ റിസര്‍വോയറുകളില്‍ ശേഷിക്കുന്നുള്ളൂ. ഇതില്‍ 20 ടി.എം.സി. അടി ബാംഗ്ലൂരുള്‍പ്പെട്ട നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും കുടിവെള്ള വിതരണത്തിനാവശ്യമാണെന്നും യോഗത്തില്‍ ഷെട്ടാര്‍ പറഞ്ഞു.
വിധി വന്ന സാഹചര്യത്തില്‍ വീണ്ടും സമ്മേളനം വിളിക്കാന്‍ സാധ്യതയുണ്ട്. തമിഴ്‌നാടിന് ജലം വിട്ടുകൊടുത്താല്‍ സംസ്ഥാനത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയുണ്ടാകുമെന്ന് ഇക്കഴിഞ്ഞ ജനുവരി 30 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടിലെ കൃഷിയെ ഇത് കാര്യമായി ബാധിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.