എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചുനീക്കാന്‍ മേയ് മാസം 8-ാം തിയതിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശപരിപാലന ചട്ടം ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണങ്ങളാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടത്.
ഹോളിഡേ, ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയ്ന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ് എന്നീ അപ്പാര്‍ട്ടുമെന്റുകളാണ് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അനധികൃതനിര്‍മ്മാണങ്ങള്‍ കാരണം കേരളത്തിന് ഇനിയും പ്രളയവും പേമാരിയും താങ്ങാനാകില്ലെന്നും സുപ്രീംകോടതി വിലയിരുത്തി. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
അധികാരികളും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ് എന്നതാണ് കോടതി വിധിയോടെ വ്യക്തമായതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. നിയമം അതിന്റെ അന്തസത്തയില്‍ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകാത്തതിന്റെ ഉദാഹരണമാണ് അഞ്ച് അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട സംഭവം സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ശക്തമായ നിയമങ്ങളുണ്ടാവുകയും എന്നാല്‍ അത് നടപ്പിലാകാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് പ്രശ്‌നം.’
മുനിസിപ്പാലിറ്റിയുടെ മൗനാനുവാദം തന്നെയാണ് ഈ ഫ്‌ളാറ്റുകള്‍ ഇത്തരത്തില്‍ ഉയര്‍ന്നുവരാന്‍ കാരണം. അവസാനം ഇതിനോടനുബന്ധിച്ച് ഏതെങ്കിലും പൊതുപ്രവര്‍ത്തകരോ അതോറിറ്റിയോ നിയമപരമായി ഇടപെടുമ്പോള്‍ മാത്രമാണ് നടപടി ഉണ്ടാകുന്നത്. ഇനി വിധി വന്നാല്‍ തന്നെ എങ്ങനെ നടപ്പാകും എന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നെടിയന്‍തുരുത്തിലെ മുത്തൂറ്റ് ഗ്രൂപ്പിന്റെ 64 വില്ലകള്‍ കായല്‍ കൈയേറി കായലിന് നടുവില്‍ നിര്‍മ്മിച്ചതാണ്. അതിനെതിരെ കേസ് കൊടുക്കുകയും അതിനകത്ത് പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അത് പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നുവരെ അത് പൊളിച്ചിട്ടില്ല.’
ഇത്തരം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടാത്തത് കൊണ്ടാണ് ഇതെല്ലാം നിര്‍ബാധം തുടരുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഏതെങ്കിലും കേസില്‍ ഇതിന് ഉത്തരവാദികളായിരുന്നവര്‍ ശിക്ഷിക്കപ്പെടുന്നുണ്ടോ. ആരെങ്കിലും ഒരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ അടുത്ത തവണ ഇത്തരം നിയമലംഘനം ചെയ്യുന്നയാള്‍ക്ക് ഒരു തിരിച്ചറിവെങ്കിലും ഉണ്ടാകും.
ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ല എന്നുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം മുന്‍നിര്‍ത്തിക്കൊണ്ട് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006-07 കാലഘട്ടത്തിലാണ് അഞ്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ മരട് ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയത്. നിയമം പാലിച്ചല്ല പെര്‍മിറ്റ് നല്‍കിയതെന്ന് പിന്നീട് മുനിസിപ്പാലിറ്റിയുടെ ഭരണസമിതി കണ്ടെത്തിയിരുന്നു. തദ്ദേശ വകുപ്പിന്റെ വിജിലന്‍സും നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയിരുന്നു.
തീരദേശ നിയമത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പടെ ലംഘിച്ച 31 കെട്ടിടങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ വിജിലന്‍സ് നഗരസഭയ്ക്ക് കത്തും നല്‍കിയിരുന്നു. ഇതിനെതിരെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നഗരസഭയുടെ ഉത്തരവ് റദ്ദാക്കിയും പഞ്ചായത്തിന്റെ പെര്‍മിറ്റ് ശരിവെച്ചും സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.
അഞ്ച് ഫ്ളാറ്റുകളിലായി മുന്നൂറോളം കുടുംബങ്ങളാണു താമസിക്കുന്നത്. നിയമം ലംഘിച്ചാണു നിര്‍മാണമെന്നറിയാതെ 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നല്‍കി അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയവരും വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരും ഇതിലുണ്ട്.
വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് ഇവര്‍. നേരത്തെ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതിനു ശേഷം, ഒരു കോടി രൂപ പിഴ ഈടാക്കി ചിലവന്നൂരിലെ ഡി.എല്‍.എഫ്. ഫ്ളാറ്റിന് ഇളവു നല്‍കിയിരുന്നു.
അതേസമയം കേരളത്തില്‍ ആള്‍ത്താമസമില്ലാത്ത വീടുകളുടെ എണ്ണം ആകെ വീടുകളുടെ 14 ശതമാനമാണ്. 2018 ലെ സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം പുറത്തുവിട്ടിരുന്നത്. കൊച്ചിയില്‍ മാത്രം ഇത് ഏകദേശം 50000 വീടുകളാണ്. നാലരലക്ഷത്തോളം കുടുംബങ്ങള്‍ ഭവനരഹിതരായി കഴിയുമ്പോള്‍ ഏകദേശം 16 ലക്ഷം വീടുകള്‍ താമസമില്ലാതെ പൂട്ടിക്കിടക്കുകയാണ്.
മുനിസിപ്പാലിറ്റിയില്‍ അന്വേഷിച്ചാല്‍ എല്ലാ കെട്ടിടങ്ങള്‍ക്കും ഉടമകളുണ്ടാകുമെന്ന് പുരുഷന്‍ ഏലൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഒരുവശത്ത് നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ തന്നെയാണ് ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇതേ കേരളത്തില്‍ തന്നെയാണ് ലക്ഷക്കണക്കിന് ഭവനരഹിതരുള്ളതെന്നത് ഇതിന്റെ മറ്റൊരു വശവും.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.