[] ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. പശ്ചിമബംഗാള്‍, അസം, ഒഡീഷ സംസ്ഥാനങ്ങളിലെ തട്ടിപ്പുകള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.
തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നും രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ സി.ബി.ഐ അന്വേഷണമാകും ഉചിതമെന്നും കോടതി നിരീക്ഷിച്ചു. നിക്ഷേപകര്‍ക്ക് നഷ്ടമായ പണം കണ്ടെത്തണമെന്നും തട്ടിപ്പിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടു വരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന തട്ടിപ്പില്‍ 25 ലക്ഷം വരുന്ന നിക്ഷേപകരുടെ 2500 കോടി രൂപ നഷ്ടമായെന്നാണ് കണക്ക്. ശാരദ ചിട്ടി ഫണ്ട് ഉടമയായ സുദിപ്താ സെന്‍ ഇപ്പോഴും ജയിലിലാണ്. നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. പാര്‍ട്ടിയുടെ രാജ്യസഭ എം.പി കുനാല്‍ ഘോഷ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചിട്ടി തട്ടിപ്പ് വിഷയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ പ്രചാരണ ആയുധമായി ഉപയോഗിച്ചിരുന്നു. പശ്ചിമബംഗാളിലെ 17 മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ കോടതിയുടെ നിര്‍ദേശം മമത ബാനര്‍ജിക്ക് തിരിച്ചടിയാകും.