'കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നു'; സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്
India
'കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നു'; സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 12:30 pm

ബെംഗളൂരു: കര്‍ണാടകയിലെ 17 വിമത എം.എല്‍.എമാരുടെ അയോഗ്യത ശരിവെച്ച സുപ്രീംകോടതി നടപടിക്ക് പിന്നാലെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്.

ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പ്രഖ്യാപിച്ചിരിക്കുന്നെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

”കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരില്‍ നിന്ന് കൂറുമാറിയ 17 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചിരിക്കുന്നു. കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ നിയമവിരുദ്ധമായ ഒരു സര്‍ക്കാരാണെന്നും ഇത് തെളിയിക്കുന്നു. ഭരണഘടനാ വിരുദ്ധമായ മാര്‍ഗത്തിലൂടെ ഉണ്ടാക്കിയ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പിരിച്ചുവിടണം”- ദിനേശ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ബി.ജെ.പിയുടെ പങ്ക് വ്യക്തമാണെന്നും അമിത് ഷായുടെ പങ്കും തെളിയിക്കപ്പെട്ടതാണെന്നും റാവു പറഞ്ഞു.

ബി.ജെ.പിയ്ക്ക് എന്തെങ്കിലും ധാര്‍മ്മികത അവശേഷിക്കുന്നുണ്ടെങ്കില്‍ അയോഗ്യരാക്കപ്പെട്ട ഈ എം.എല്‍.എമാര്‍ക്ക് അവര്‍ ടിക്കറ്റ് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ എന്‍.വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു എം.എല്‍.എമാരുടെ അയോഗ്യതാ നടപടി ശരിവെച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് മത്സരിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

17 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ശരിവെക്കവെ തന്നെ നിയമസഭാ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. ഒരുകാരണവശാലും എം.എല്‍.എമാരെ സ്പീക്കര്‍ വിലക്കാന്‍ പാടില്ലെന്നും അതിനുള്ള അധികാരം സ്പീക്കറിനില്ലെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്പീക്കര്‍ ഒരു ജുഡീഷ്യല്‍ പദവിയല്ല. ഭരണഘടനാ ചട്ടങ്ങള്‍ക്കെതിരെ സ്പീക്കര്‍ പ്രവര്‍ത്തിക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ധിച്ചുവരുന്നു. അതുവഴി പൗരന്മാര്‍ക്ക് സ്ഥിരതയുള്ള സര്‍ക്കാരുകള്‍ ലഭിക്കാതെ വരുന്നു.

രാജി സ്വമനസ്സാലെ ആണോ അല്ലയോ എന്നു മാത്രമാണ് സ്പീക്കര്‍ പരിശോധിക്കേണ്ടത്. അല്ലെങ്കില്‍ അതു സ്വീകരിക്കുക. അതുമാത്രമാണു ചെയ്യേണ്ടത്. ഭരണഘടനാ ധാര്‍മികത രാഷ്ട്രീയ ധാര്‍മികത ഉപയോഗിച്ചു വെച്ചുമാറേണ്ട ഒന്നല്ല.’- എന്നായിരുന്നു കോടതിയുടെ വാക്കുകള്‍.