പാതയോരത്തെ മദ്യശാല; പഞ്ചായത്തിന്റെ ഇളവ് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
Bar Issue
പാതയോരത്തെ മദ്യശാല; പഞ്ചായത്തിന്റെ ഇളവ് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2018, 7:39 pm

ന്യൂദല്‍ഹി: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാല നിരോധനത്തില്‍ പഞ്ചായത്തുകള്‍ക്ക് ഇളവു നല്‍കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. മദ്യശാലക്ക് അപേക്ഷിക്കുന്ന പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും സുപ്രീം കോടതി പറഞ്ഞു. അനുമതിക്കായി ബാറുടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണം.

ദേശീയ, സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ പൂട്ടാന്‍ 2017 മാര്‍ച്ച് 30ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് മുനിസിപ്പല്‍ മേഖലയില്‍ മദ്യശാലകള്‍ തുറക്കാനുള്ള നിയന്ത്രണം കോടതി നീക്കിയിരുന്നു. ഈ ഇളവ് പഞ്ചായത്തു പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ് പുതിയ വിധി. പ്രദേശം പഞ്ചായത്താണോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം.

ഇതോടെ അഞ്ഞൂറോളം കള്ളുഷാപ്പുകള്‍ക്കും മുന്ന് ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചാല്‍ തുറന്ന് പ്രവര്‍ത്തിക്കാനാവും.

2017 ലെ ഉത്തരവിനെ തുടര്‍ന്ന് 12 മദ്യ വില്‍പ്പന ശാലകളും 520 കള്ള് ഷാപ്പുകളും മൂന്ന് ഹോട്ടലുകളും 171 ബിയര്‍ വൈന്‍ പാര്‍ലറുകളും അടച്ചുപൂട്ടിയെന്നാണ് കേരളം കോടതില്‍ പറഞ്ഞത്. പുതിയ വിധിയോടെ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ നല്‍കിയ ഹര്‍ജി അപ്രസക്തമായി.