ന്യൂദല്‍ഹി: 5000 കോടി രൂപ കെട്ടിവെയ്ക്കുകയും അതേ തുകയ്ക്കുള്ള ബാങ്ക് ഗ്യാരണ്ടി നല്‍കുകയും ചെയ്താല്‍ ജയില്‍ മോചിതനാകാമെന്ന് സഹാറ തലവന്‍ സുബ്രത റോയിയോട് സുപ്രീം കോടതി. ജയില്‍ മോചിതനാകുന്ന ദിവസം തൊട്ട് ഒന്നര വര്‍ഷത്തിനുള്ളില്‍ 36000 കോടി രൂപ ഒമ്പത് ഗഡുക്കളായി നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കാണ് പണം നല്‍കേണ്ടത്. ഈ തുക തിരിച്ചടയ്ക്കുമ്പോള്‍ ആദ്യത്തെ രണ്ടു ഗഡുക്കള്‍ മുടങ്ങിയാല്‍ ബാങ്ക് ഗ്യാരണ്ടി സെബിക്ക് പണമാക്കി മാറ്റാമെന്നും പന്നീട് പണം അടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ വീണ്ടും സുബ്രത റോയി ജയിലിലേക്ക് മടങ്ങേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, എ.ആര്‍.ധാവെ, എ.കെ.സിക്രി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സുബ്രത റോയിയും കൂടെ ജയിലില്‍ കഴിയുന്ന രണ്ട് ഡയറക്ടര്‍മാരും പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നും രാജ്യം വിട്ടുപോകാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മാത്രമല്ല, രാജ്യത്തിനകത്തുള്ള യാത്രയുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി രേഖപ്പെടുത്തുകയും വേണം.
എന്നാല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തത്കാലം സുബ്രത റോയ് ജയിലില്‍ത്തന്നെ കഴിയേണ്ടിവരും. 24,000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസാണ് സഹാറ ഇന്ത്യ പരിവാറിനെതിരെയുള്ളത്. ഉന്നത രാഷ്ട്രീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഈ ഗ്രൂപ്പിന്റെ തലവന്‍ സുബ്രത റോയിയെ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞവര്‍ഷമാണ് അറസ്റ്റുചെയ്തത്.