ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി. പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി.
ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഈ എതിര്‍പ്പ് കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
റഫാലുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രം പുറത്തുവിട്ട സുപ്രധാന രേഖകള്‍ തെളിവായി സ്വീകരിക്കുന്നതിനെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്.
റഫാൽ ഇടപാടിൽ മോദി സർക്കാരിനു ക്ലീൻചിറ്റ് നൽകിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ വെളിച്ചത്തിൽ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വന്ന ഹരജി പരിഗണിക്കവേയാണ് രേഖകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരമൊരു ചോദ്യമുയര്‍ന്നത്.
‘ദ ഹിന്ദു’ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാൽ, രേഖകൾ മോഷ്ടിക്കപ്പെട്ടതാണെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സർക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഹിന്ദു’വിൽ പ്രസിദ്ധീകരിച്ചത് യഥാർത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമ്മതിച്ചിരുന്നു. വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ എതിർത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നത്.
ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ പുതിയ ഹർജികൾ സമർപ്പിച്ചത്. റാഫേൽ ഇടപാടിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹർജികൾ കോടതി തള്ളിയിരുന്നത്.