| Wednesday, 10th April 2019, 11:24 am

നിങ്ങള്‍ തെളിവുകള്‍ ചോദിച്ചു, ഞങ്ങള്‍ നല്‍കി; റഫാല്‍ വിധിയില്‍ അരുണ്‍ ഷൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ ബി.ജെ.പി തെളിവുകള്‍ ചോദിച്ചെന്നും അത് ഞങ്ങള്‍ നല്‍കിയിരിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. റഫാലില്‍ ചോര്‍ന്നു കിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ഞങ്ങളുടെ വാദം. നിങ്ങള്‍ തെളിവ് ചോദിച്ചു. ഞങ്ങള്‍ അത് നല്‍കി. അതിനാല്‍ കോടതി ഞങ്ങളുടെ ഹരജി സ്വീകരിച്ചു. സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളുകയും ചെയ്തു.’ എന്നാണ് അരുണ്‍ ഷൂരി പറഞ്ഞത്.

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ വെളിച്ചത്തില്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അരുണ്‍ ഷൂരിയുള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് രേഖകള്‍ പരിശോധിക്കാമെന്ന് കോടതി സമ്മതിച്ചത്.

അരുണ്‍ ഷൂരിക്കു പുറമേ ബി.ജെ.പി. മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. റാഫേല്‍ ഇടപാടില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നത്.

We use cookies to give you the best possible experience. Learn more