ന്യൂദല്‍ഹി: ഏക് നാഥ് ഷിന്‍ഡെയ്ക്കെതിരായ പോരാട്ടത്തില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. യഥാര്‍ത്ഥ ശിവസേന ആരെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നാണ് സുപ്രീം കോടതിയുടെ വിധി. ശിവസേനയില്‍ നിന്നും ഏക് നാഥ് ഷിന്‍ഡെ മാറുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.
ഇരു വിഭാഗങ്ങളും തമ്മില്‍ ആരാണ് യഥാര്‍ത്ഥ ശിവസേന എന്നത് സംബന്ധിച്ച തര്‍ക്കങ്ങളും സജീവമായിരുന്നു.
പാര്‍ട്ടിയുടെ പേരിനും അതിന്റെ ചിഹ്നത്തിനും മേലുള്ള ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ അവകാശവാദം തീരുമാനിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്ന് ഉദ്ധവ് താക്കറെയുടെ വിഭാഗം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഏക് നാഥ് ഷിന്‍ഡെയുള്‍പ്പെടെയുള്ളവരുടെ വിമത നീക്കത്തിലാണ് ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീഴുന്നത്.
പിന്നീട് ജൂണ്‍ 30ന് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉപമുഖ്യമന്ത്രി.
കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് ഉദ്ധവ് താക്കറെയുടെയും ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹരജികള്‍ അഞ്ചംഗ ബെഞ്ച് പരിഗണിച്ചു. കൂറുമാറിയ എം.എല്‍.എമാരുടെ അയോഗ്യത, സ്പീക്കറുടെയും ഗവര്‍ണറുടെയും അധികാരം, ജുഡീഷ്യല്‍ പുനരവലോകനം തുടങ്ങിയ സുപ്രധാന ഭരണഘടനാ പ്രശ്‌നങ്ങളാണ് ഹരജികളില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു.
മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിച്ചാല്‍ മാത്രമേ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഏക് നാഥ് ഷിന്‍ഡെയുടെ വിശ്വസ്തരായ എം.എല്‍.എമാര്‍ക്ക് അയോഗ്യത ഒഴിവാക്കാനാകൂവെന്ന് താക്കറെ വിഭാഗം കോടതിയെ അറിയിച്ചിരുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട നേതാവിന് കൂറുമാറ്റ നിരോധന നിയമം ആയുധമാകില്ലെന്നായിരുന്നു ഷിന്‍ഡെയുടെ വാദം.
Content Highlight: Supreme court order Election commission to choose on the original shiv sena