| Monday, 6th May 2019, 11:49 am

'ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കണം എന്നു കോടതിയല്ല തീരുമാനിക്കുന്നത്'; തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി തേടിയ ഹരജിയില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൃശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കം ഉപയോഗത്തിനു അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി.

തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കണം എന്നു കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് ബോബ് ഡെ പറഞ്ഞു.

പടക്കങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര ഏജന്‍സിയായ പെസോ ആണെന്നും അനുമതി തേടി പെസോയെ സമീപിക്കാമെന്നും ദേവസ്വങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ആചാര പ്രകാരം പൂരവും വെടിക്കെട്ടും നടത്താന്‍ നേരത്തെ അനുമതി നല്‍കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു. വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ അപേക്ഷയിലായിരുന്നു ഉത്തരവ്.

ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. എന്നാല്‍ ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു അന്ന് കേസ് പരിഗണിച്ചത്.

പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും സമയക്രമത്തിലും സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കേസില്‍ ദേവസ്വങ്ങളുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്.

2018 ഒക്ടോബറില്‍ പടക്ക നിയന്ത്രണത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് തിരുവമ്പാടി, പാറമേക്കാവ് സുപ്രീം കോടതിയ സമീപിച്ചിരുന്നത്.

ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു പ്രധാന ആവശ്യം.

We use cookies to give you the best possible experience. Learn more