| Friday, 22nd January 2021, 3:20 pm

സിദ്ദീഖ് കാപ്പന് മാതാവിനെ വിഡിയോ കോണ്‍ഫ്രന്‍സ് വഴി കാണാം: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് രോഗാവസ്ഥയില്‍ കഴിയുന്ന മാതാവിനെ വിഡിയോ കോണ്‍ഫ്രന്‍സ് വഴി കാണാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയില്‍ അടുത്ത ആഴ്ച അന്തിമ വാദം കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

ഹരജിയില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണം എന്ന അഭിഭാഷകനായ കപില്‍ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹരജിയില്‍ വാദം കേള്‍ക്കാനിരുന്നത്.

അസുഖബാധിതയായ ഉമ്മയെ കാണാന്‍ അനുവദിക്കണമെന്ന കാപ്പന്റെ അപേക്ഷയില്‍ ഉമ്മയോട് വീഡിയോ കോള്‍ വഴി സംസാരിക്കാമെന്നാണ് കോടതി മറുപടി നല്‍കിയത്.

നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്നും സിദ്ദിഖ് കാപ്പന്‍ കോടതിയെ അറിയിച്ചു

ഹാത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ആണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാത്രാസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെ യു.പി പൊലീസിന്റെ ആരോപണം. സിദ്ദിഖ് കാപ്പന്‍ മാധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തളളിയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സത്യവാങ്മൂലം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court On Siddiq Kappan Case

We use cookies to give you the best possible experience. Learn more