സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാണോ? സുപ്രീം കോടതി
national news
സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാണോ? സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2023, 6:55 pm

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കാതെ സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാണോയെന്ന് കേന്ദ്രത്തോട് ചോദിച്ച് സുപ്രീം കോടതി.

ഔപചാരികമായി വിവാഹിതരല്ലെങ്കിലും ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്ന ദമ്പതികള്‍ക്ക് നിയമം ചില അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞ കോടതി ഇതേ അവകാശങ്ങള്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കുമോയെന്നും ചോദിച്ചു.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹിക ക്ഷേമം ഉറപ്പാക്കാന്‍ വിവാഹം അംഗീകരിക്കപ്പെടണമെന്ന് ചന്ദ്രചൂഡ് പറഞ്ഞു.

‘സുരക്ഷിതത്വവും സാമൂഹിക ക്ഷേമവും ഉറപ്പാക്കാന്‍ ഇത് അംഗീകരിക്കപ്പെടണം. അത് ചെയ്യുന്നതിലൂടെ ഭാവിയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ ബഹിഷ്‌കരിക്കപ്പെടുന്നത് അവസാനിക്കുമെന്ന് നമുക്ക് ഉറപ്പാക്കാം,’ ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

2018ല്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയതിന് ശേഷം നിരവധിയാളുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ നിത്യജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.

‘അംഗീകാരം എന്ന് ഞങ്ങള്‍ പറയുന്നത്, വിവാഹം എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല. അംഗീകാരം എന്നത് അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത കൂടിയാണ്,’ ജസ്റ്റിസ് നരസിംഹ പറഞ്ഞു.

‘അംഗീകാരം എന്നത് അവര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കണം,’ ജസ്റ്റിസ് ഭട്ട് പറഞ്ഞു.

സ്വവര്‍ഗവിവാഹം നിയമവിധേക്കണമെന്ന ഹരജികളില്‍ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

content highlight: supreme court on same sex marraige