| Wednesday, 18th July 2018, 4:23 pm

ശബരിമല പൊതുക്ഷേത്രമെങ്കില്‍ വിവേചനം പാടില്ല; ആരാധനയ്ക്ക് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. പൊതുക്ഷേത്രം ആണെങ്കില്‍ ആരാധനയ്ക്ക് തുല്യ അവകാശമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും ആര്‍ത്തവത്തിന്റെ പേരില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കുള്ള പ്രവേശനം തടയുന്നത്. ഇതു ഭരണഘടനാ വിരുദ്ധമാണ്. പൊതുജനത്തിനായി ക്ഷേത്രം തുറക്കുമ്പോള്‍ ആര്‍ക്കും അവിടെ പോകാനാകണം. സ്ത്രീകളെ ഭരണസമിതി വിലക്കിയത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.


Dont Miss വിദേശത്ത് നിന്ന് പണം അനധികൃതമായി കൊണ്ടുവന്നെന്ന പരാതി; വെള്ളാപ്പള്ളിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു


പ്രാര്‍ഥനയ്ക്കു പുരുഷനുള്ള തുല്യ അവകാശമാണ് സ്ത്രീക്കുമുളളത്. തുല്യാവകാശം തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നു വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.

അതേസമയം പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നെന്ന് കേരളം നിലപാട് അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ കേരളം നാല് തവണ നിലപാട് മാറ്റിയല്ലോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം പൂജയ്ക്കല്ല, പ്രാര്‍ഥനയ്ക്കുള്ള അവകാശമാണ് വേണ്ടതെന്നു കേസിലെ ഹര്‍ജിക്കാരായ “ഹാപ്പി ടു ബ്ലീഡ്” സംഘടന കോടതിയെ ബോധിപ്പിച്ചു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും അവര്‍ കോടതിയില്‍ വാദിച്ചു.

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷണങ്ങളോടു പ്രതികരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഈ നിലപാടു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇനി തീരുമാനമുണ്ടാകേണ്ടതു കോടതിയില്‍നിന്നാണ്. കോടതി വിധി മാനിക്കും. സര്‍ക്കാരിന്റെ സമാന നിലപാടു തന്നെയാണു ദേവസ്വം ബോര്‍ഡിനുമുള്ളതെന്നും കടകംപള്ളി പറഞ്ഞു.

നേരത്തെ, കേസ് പരിഗണിക്കവെ ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more