| Friday, 19th June 2020, 4:34 pm

'പ്രവാസികളുടെ കൊവിഡ് പരിശോധന'; സംസ്ഥാന സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാസികളുടെ കൊവിഡ് പരിശോധനാ വിഷയത്തില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ നയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.  ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മാധ്യമപ്രവര്‍ത്തകനായ കെ.എസ്.ആര്‍ മേനോനാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ചാര്‍ട്ടേഡ് വിമാനത്തിലും അല്ലാതെയും എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടുന്നില്ല എന്നാണ് കോടതി പറഞ്ഞത്. രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഉള്ളതെങ്കില്‍ ഹരജിക്കാരന് കേന്ദ്രസര്‍ക്കാരിനേയും വിദേശകാര്യമന്ത്രാലയത്തേയും സമീപിക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കേരള ഹൈക്കോടതി തേടിയിട്ടുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചത്. ഇങ്ങനെയൊരു കാര്യം പറയാന്‍ സര്‍ക്കാരിന് അധികാരമുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വന്ദേഭാരത് മിഷന്‍ വഴിയും നിരവധി പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നുണ്ട്. ഇതില്‍ കേന്ദ്രത്തിന്റെ നിലപാട് എന്താണെന്നാണ് ഹൈക്കോടതി ആരാഞ്ഞത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. അതിന് ശേഷമായിരിക്കും ഹൈക്കോടതി നിലപാട് പറയുക.

കൂടുതല്‍ പേര്ക്ക് രോഗം സ്ഥിരീകരിക്കുന്നത് പ്രവാസികളില്‍ നിന്നാണെന്നും പരിശോധനയില്ലാതെ എല്ലാവരേയും ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വാദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more