[share]
[] ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര സര്‍ക്കാറിനോടും നിലപാടറിയിയ്ക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. അടുത്ത മാസം ഏഴിനകം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനും നോട്ടീസ് അയക്കുകയും ചെയ്തു.
പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പ്രവാസി വ്യവസായി ഷംസീര്‍ വയലില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി അറയിച്ചു.
2012 മേയില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,00,37,767 ഇന്ത്യക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ടെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും അഡ്വ. ഹാരിസ് ബീരാനും അറിയിച്ചു. ഇതില്‍ 11,000 പേര്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമീഷന്‍ തയാറാക്കിയ വോട്ടര്‍പട്ടികയിലുള്ളത്. ബാക്കിയുള്ളവര്‍ക്കൊന്നും നിലവിലുള്ള സാഹചര്യത്തില്‍ വോട്ടവകാശമില്ല.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ 2010ലെ നിയമഭേദഗതിയിലെ 20 (എ) വകുപ്പാണ് അവര്‍ ജോലിചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാന്‍ പ്രതിബന്ധമായി നില്‍ക്കുന്നത്. ഇതുമൂലം പ്രവാസി വോട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ നിയമഭേദഗതിയുടെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല.
പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ 114 രാജ്യങ്ങള്‍ പ്രത്യേക സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ 20 ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടും. വിഷയം പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പോസ്റ്റല്‍ വോട്ടിങ്, കമ്പ്യൂട്ടര്‍ ഫോണ്‍ എന്നിവ വഴിയുള്ള ഇലക്ട്രോണിക് വോട്ടിങ്, സ്ഥാനപതി കാര്യാലയങ്ങളിലൂടെയുള്ള വോട്ടിങ്, നാട്ടിലെ പ്രതിനിധി വഴിയുള്ള വോട്ടിങ് എന്നീ നിര്‍ദ്ദേശങ്ങളാണ് ഹര്‍ജി മുന്നോട്ട് വെച്ചിരുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് നാട്ടില്‍ വന്ന വോട്ട് രേഖപ്പെടുത്തുന്നതിലെ പ്രയാസങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു.