തീരദേശ പരിപാലന നിയമം ലംഘിച്ച എറണാകുളം മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. സെപ്റ്റംബര്‍ 20നകം ഫ്ളാറ്റുകള്‍ പൊളിക്കണമെന്നാണ് കോടതിയുടെ അന്ത്യശാസനം. ഫ്ളാറ്റുകള്‍ പൊളിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിച്ചത്.
ഉത്തരവ് നടപ്പാക്കിയെന്ന് അന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ചീഫ് സെക്രട്ടറി 23ന് ഹാജരാവണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നാരോപിച്ച് നിര്‍മിച്ച മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടിരുന്നത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെന്‍ച്വെര്‍സ് എന്നീ ഫ്ളാറ്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്.
സര്‍ക്കാര്‍ ഇതില്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചത്. വിധിക്കെതിരെ ഫ്ളാറ്റുടമകള്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കേസില്‍ തങ്ങളെ കൂടി കക്ഷി ചേര്‍ക്കണമെന്നും പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായത്. അതുകൊണ്ടുതന്നെ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ തള്ളിപ്പോവുകയായിരുന്നു.