[share]
[] ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാനായി പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതി. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കൂടകുളം സമരസമിതി നേതാവ് സുന്ദരരാജന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.
നേരത്തേ നിര്‍ദ്ദേശിച്ച 15 മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി കോടതിയെ അറിയിക്കാനും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കൂടംകുളം ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിനോടൊപ്പം നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ 15 ഇന സുരക്ഷാ മാനദണ്ഡങ്ങളും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കൂടംകുളം സമരസമിതിക്ക് വേണ്ടി സുന്ദര്‍ രാജനാണ് ഇടക്കാല അപേക്ഷ നല്‍കിയിരുന്നത്.
ആണവോര്‍ജ കമ്മീഷന്‍ അദ്ധ്യക്ഷന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സമിതി വേണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാട് സര്‍ക്കാരിനും കൂടംകുളം സമര സമിതിയ്ക്കും കനത്ത തിരിച്ചടി ആയിരിക്കുകയാണ് കോടതി വിധി.