കോണ്‍ഗ്രസിന് തിരിച്ചടി: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി സ്‌റ്റേ ചെയ്തില്ല; ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെന്ന് എങ്ങിനെ പറയാനാകുമെന്ന് കോടതി
Karnataka Election
കോണ്‍ഗ്രസിന് തിരിച്ചടി: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി സ്‌റ്റേ ചെയ്തില്ല; ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെന്ന് എങ്ങിനെ പറയാനാകുമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th May 2018, 7:40 am

 

ന്യൂദല്‍ഹി: ഇന്ന് രാവിലെ 9 മണിക്ക് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോടതിയെ സമീപിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി സ്‌റ്റേ ചെയ്തില്ല. മൂന്ന് മണിക്കുര്‍ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതിയുടെ അസാധാരണ വിധി.

ഗവര്‍ണറുടെ ഇടപെടലുകള്‍ സംശയകരമാണെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ സിംഗ്വി കോടതിയില്‍ വാദിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തോളം അനുവദിച്ചിരിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഗവര്‍ണറുടെ പെരുമാറ്റം വിവേചനപരമല്ലെന്നും ഗവര്‍ണറുടെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു റോത്തകിയുടെ വാദം.


Also Read: ബി.ജെ.പിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗം ചെയ്യുന്നു, ഗവര്‍ണ്ണറുടെ നടപടി പുനഃപരിശോധിക്കണം: പിണറായി വിജയന്‍


യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിംഗ്വിയുടെ വാദം കോടതി തള്ളി. വ്യക്തമായ തെളിവില്ലാതെ എങ്ങിനെ ഇടപെടുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഗവര്‍ണറെ എങ്ങിനെയാണ് തടയാനാവുക എന്നും കോടതി ചോദിച്ചു.

ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലെന്ന് എങ്ങിനെ പറയാനാകും. ബി.ജെ.പി ഗവര്‍ണര്‍ക്ക്് സമര്‍പ്പിച്ച കത്തിലെ വിവരങ്ങളറിയാതെ ഒന്നും തീരുമാനിക്കാനാകില്ലെന്നും കോടതി പറഞ്ഞു. യെദ്യുരപ്പക്ക് എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കുന്ന കത്ത് നാളെ രാവിലെ 10:30നകം ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം എന്തിനാണെന്നും കോടതി ആരാഞ്ഞു.

കേസില്‍ യെദ്യൂരപ്പയെയും കര്‍ണാടക സര്‍ക്കാരിനേയും കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസിലെ തുടര്‍വാദം നാളേക്ക് മാറ്റി വച്ചു.

 


Watch DoolNews: