| Wednesday, 13th November 2024, 11:43 am

ബുൾഡോസർ രാജ്; 15 ദിവസം മുമ്പ് നോട്ടീസ് നൽകാതെ പൊളിക്കൽ നടപടി ആരംഭിക്കരുത്: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബുൾഡോസർ രാജിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വസ്തുവിൻ്റെ ഉടമയ്ക്ക് 15 ദിവസത്തെ മുൻകൂർ അറിയിപ്പ് നൽകാതെയും നിയമപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയും കെട്ടിടങ്ങൾ പൊളിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.

രജിസ്‌ട്രേഡ് തപാൽ മുഖേന ഉടമയ്‌ക്ക് നോട്ടീസ് നൽകുകയും നിർദിഷ്ട നോട്ടീസ് കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നോട്ടീസിൽ അനധികൃത നിർമാണത്തിൻ്റെ സ്വഭാവം, നിയമ ലംഘനത്തിൻ്റെ വിശദാംശങ്ങൾ, പൊളിക്കുന്നതിനുള്ള അടിസ്ഥാന കാരണം എന്നിവ അടങ്ങിയിരിക്കണം.

പൊളിക്കുന്നത് വീഡിയോഗ്രാഫ് ചെയ്യണം, മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് കോടതി അവഹേളനത്തിന് കാരണമാകും എന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബി.ആർ. ഗവായ് , ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാരിന് കോടതിയോ ജഡ്ജിയോ ആകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരത്തിൽ വസ്തുവകകൾ പൊളിക്കുന്ന പൊതു ഉദ്യോഗസ്ഥർ അതിന് ഉത്തരവാദികളായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

‘സർക്കാരിന് ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ കഴിയില്ല. കുറ്റാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം, സർക്കാർ വ്യക്തിയുടെ സ്വത്ത് പൊളിച്ചാൽ അത് നിയമവാഴ്ചയെ ബാധിക്കും. സർക്കാരിന് ജഡ്ജിയാകാനും കുറ്റാരോപിതരുടെ സ്വത്തുക്കൾ പൊളിക്കാനും കഴിയില്ല. നിയമം കൈയിലെടുക്കുകയും ഇത്തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന പൊതു ഉദ്യോഗസ്ഥർ അവരുടെ ചെയ്തികൾക്ക് ഉത്തരവാദികളായിരിക്കും ,’ കോടതി പറഞ്ഞു.

ചില കൈയേറ്റങ്ങൾ ഉണ്ടായാൽ പോലും പൊളിക്കലാണ് ഏക ആശ്രയം എന്നത്തിൽ അധികാരികൾക്ക് ഉറച്ച് നിൽക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

പാർപ്പിടത്തിനുള്ള അവകാശത്തെക്കുറിച്ച് പരാമർശിക്കവേ, ആർട്ടിക്കിൾ 19 ഉം 20 ഉം മൗലികാവകാശങ്ങളാണെന്ന് കോടതി പറഞ്ഞു. നിരപരാധികൾക്ക് അഭയം നൽകാനും അത്തരം അവകാശം നഷ്ടപ്പെടുത്താനുമുള്ള നീക്കങ്ങൾ പൂർണമായും ഭരണഘടനാ വിരുദ്ധമായിരിക്കുമെന്നും കോടതി പറഞ്ഞു.

സർക്കാരിന്റെ ഈ നയം മൂലം കുറ്റവാളി മാത്രമല്ല ശിക്ഷിക്കപ്പെടുന്നതെന്നും നിരപരാധികളായ കുടുംബാംഗങ്ങളും ദുരിതം അനുഭവിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

Content Highlight: Supreme Court on bulldozer action: ‘No demolition without following guidelines, 15-day notice’

Latest Stories

We use cookies to give you the best possible experience. Learn more